സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരവാദം ; സ്വപ്‌നയുടെ ജാമ്യഹര്‍ജി തള്ളി

കേസ് ഡയറികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിച്ചത്
സ്വര്‍ണക്കടത്ത് സാമ്പത്തിക ഭീകരവാദം ; സ്വപ്‌നയുടെ ജാമ്യഹര്‍ജി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള  സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. സ്വപ്‌നയുടെ ജാമ്യഹര്‍ജി കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസ് ഡയറികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിച്ചത്. 

സ്വര്‍ണക്കടത്തില്‍ പങ്കാളിയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. കാര്‍ഗോ വിട്ടുകിട്ടാനും ഇടപെട്ടു. യുഎപിഎ അനുസരിച്ചുള്ള കുറ്റമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സാമ്പത്തിക ഭീകരവാദമാണ് പ്രതികള്‍ നടത്തിയതെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു.

സംസ്ഥാനത്തും രാജ്യത്തിന് വെളിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും, അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വാദം കേല്‍ക്കുമ്പോള്‍ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. 

മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും സ്വപ്ന ശ്രമിക്കുമെന്ന് എന്‍ഐഎ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നത്. 

മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചു. അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com