ആലപ്പുഴയിൽ നാളെമുതൽ മത്സ്യബന്ധനത്തിന് അനുമതി ; നിയന്ത്രണങ്ങൾ ഇങ്ങനെ..

ബോട്ടുകളുടെ രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ ബോട്ടുകൾ കടലിലിറക്കാം
ഫയൽ ചിത്രം
ഫയൽ ചിത്രം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാളെമുതൽ (ഓ​ഗസ്റ്റ് 13) നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം പുനരാരംഭിക്കാൻ അനുമതി നൽകി. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്താണ് മത്സ്യബന്ധനം അനുവദിച്ചിരിക്കുന്നത്. ബോട്ടുകളുടെ രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ ബോട്ടുകൾ കടലിലിറക്കാം. 

വളഞ്ഞവഴി, അഞ്ചാലുംകാവ്, വലിയഴീക്കൽ എന്നിവിടങ്ങളിലെ ലാന്റിംഗ് സെന്ററുകളിൽ നിന്ന് മാത്രമേ പോകാവൂ. കണ്ടൈൻമെന്റ് സോണുകളിൽ നിന്നുള്ളവർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളോടെയാണ് അനുമതി. ജില്ലാ കളക്ടർ എ അലക്സാണ്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വേണുഗോപാലിന്റെയും അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.

മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ അതത് മത്സ്യഭവനുകളിൽ നിന്ന് കാർഡുകൾ വാങ്ങണം. യാനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ, പോകുന്ന തൊഴിലാളികളുടെ എണ്ണം, പേരുകൾ, ആധാർ കാർഡുകൾ എന്നിവയുമായി മത്സ്യഭവനിലെത്തിയാൽ കാർഡുകൾ ലഭിക്കും. രാവിലെ 10 മുതൽ വൈകീട്ട് 4 മണിവരെ മത്സ്യബന്ധനത്തിന് പോകാനനുവദിക്കുന്നവരുടെ രജിസ്ട്രേഷനും കാർഡ് വിതരണവും കുന്തല (തോട്ടപ്പള്ളി) മത്സ്യഭവൻ, അമ്പലപ്പുഴ മത്സ്യഭവൻ, തറയിൽകടവ് മത്സ്യഫെഡ് ക്ളസ്റ്റർ ഓഫീസ് എന്നിവിടങ്ങളിൽ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com