ട്രംപും മോദിയും പിണറായിയും ഒരുപോലെ; കൊറോണ പ്രതിരോധം ആറുമണിയുടെ തളള് മാത്രമായെന്ന് ചെന്നിത്തല

ആരോഗ്യപരമായ സംവാദത്തെ പറ്റി പറയുന്ന മുഖ്യമന്ത്രി നടത്തുന്നത് ആരോഗ്യപരമായ സംവാദമാണോ?
ട്രംപും മോദിയും പിണറായിയും ഒരുപോലെ; കൊറോണ പ്രതിരോധം ആറുമണിയുടെ തളള് മാത്രമായെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് കേന്ദ്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. തട്ടിപ്പിന്റെ വാര്‍ത്തകള്‍ ഒന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നിരന്തരം മുഖ്യമന്ത്രി നിരന്തരം അപമാനിക്കുകയാണ്.
സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അടുത്ത ബന്ധമുണ്ട്, എന്നാല്‍ ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു. 

ആരോഗ്യപരമായ സംവാദത്തെ പറ്റി പറയുന്ന മുഖ്യമന്ത്രി നടത്തുന്നത് ആരോഗ്യപരമായ സംവാദമാണോ?. വാഷിങ്ടണില്‍ ട്രംപ് ചെയ്യുന്നതും ന്യൂഡല്‍ഹിയില്‍ മോദി ചെയ്യുന്നതും തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതും ഒന്നും തന്നെയാണ്. മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

കോവിഡ് പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമായി മാറി. കോവിഡ് എന്നാൽ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്. ഓടി തീര്‍ന്നപ്പോൾ കഴിഞ്ഞപ്പോൾ ജയിച്ചേ എന്ന് ആർത്തു വിളിച്ചു. അതിന് ശേഷമാണ് അത് മാരത്തോണായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  സര്‍ക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംഗ്ലര്‍ മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയില്‍ വരെ അഴിമതി നടക്കുമ്പോള്‍ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റി മാധ്യമങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ച ചെയ്തത്. രാഷ്ട്രീയമായി എതിര്‍ക്കാന്‍  കഴിയാത്തതുകൊണ്ടും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് ഈ ആരോപണങ്ങള്‍ എന്നുമാണ്  മുഖ്യമന്ത്രിയുടെ പ്രതികരണം. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ഒരിക്കലും പാടില്ലാത്തതാണ്. കഴിഞ്ഞ കാലത്ത് അദ്ദേഹത്തെ പുകഴ്ത്തിയവരാണ് മാധ്യമങ്ങള്‍. പുകഴ്ത്തുമ്പോള്‍ പരവതാനി വിരിക്കുകയും വിമര്‍ശിക്കുമ്പോള്‍ പുലഭ്യം പറയുകയും ചെയ്യുന്നത് ജനാധിപത്യമര്യാദയല്ല.

മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ കൊണ്ട് ആക്രമിപ്പിക്കുന്ന രീതി ശരിയല്ല. ഞാനും സൈബര്‍ ഗുണ്ടകളുടെ ആക്രമത്തിന് വിധേയമായിട്ടുള്ളയാളാണ്. മുഖ്യമന്ത്രിയുടെ മറുപടികളാണ് സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രചോദനം. പുതിയരീതിയിലുള്ള സംവാദമെന്നാണ് സൈബര്‍ ഗുണ്ടാ ആക്രമണത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളെ പോലും അപമാനിക്കുന്ന തരത്തിലാണ് സൈബര്‍ ആക്രമണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.- ചെന്നിത്തല ആരോപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com