അച്ഛന്റെ ഓര്‍മ്മപ്പെടുത്തല്‍ ഫലം കണ്ടില്ല, ഗ്രില്ല് മുറിച്ചുമാറ്റിയ വിടവിലൂടെ വീണ് ദുരന്തം, സ്ഥാപന ഉടമ മരിച്ചു

കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ നിന്നുവീണ്‌ സ്ഥാപന ഉടമ മരിച്ചു
അച്ഛന്റെ ഓര്‍മ്മപ്പെടുത്തല്‍ ഫലം കണ്ടില്ല, ഗ്രില്ല് മുറിച്ചുമാറ്റിയ വിടവിലൂടെ വീണ് ദുരന്തം, സ്ഥാപന ഉടമ മരിച്ചു

തിരുവനന്തപുരം: കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ നിന്നുവീണ്‌ സ്ഥാപന ഉടമ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട്  ജംഗ്ഷനിലെ ഫാബുലസ് സ്റ്റിച്ചിങ് സെന്റര്‍ ഉടമ പോത്തന്‍കോട് പുതുപ്പള്ളിക്കോണം ഫാബുലസ് ഹൗസില്‍ സന്തോഷിന്റെ ഭാര്യ ബിന്ദു(45) ആണ് മരിച്ചത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ നിന്നു  വീണാണ് അപകടം ഉണ്ടായത്.

ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം.  ഒന്നാം നിലയിലെ ഇടനാഴിയുടെ ഒരു വശത്തെ ഗ്രില്ല് മുറിച്ചു മാറ്റിയത് അറിയാതെ ബിന്ദു വിടവിലൂടെ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ബിന്ദുവിനെ ഭര്‍ത്താവും സ്ഥാപനത്തിലെ ജീവനക്കാരും ചേര്‍ന്ന് ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. 

ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടം മാറിയതിനെത്തുടര്‍ന്ന് ലോക്കറുകള്‍ കൊണ്ടു പോകുന്നതിന് വഴിയൊരുക്കാനാണ് ഗ്രില്ല് പൊളിച്ചുമാറ്റിയതെന്ന്  സമീപ കടകളിലെ ജീവനക്കാര്‍ പറഞ്ഞു. കെട്ടിട സമുച്ചയത്തിന്റെ ഉടമയും സ്ഥലത്ത് ഉണ്ടായിരുന്നു. ഗ്രില്‍ മുറിച്ചു മാറ്റിയ ഭാഗത്ത് അപകടം ഒഴിവാക്കാന്‍ മുന്‍കരുതല്‍ എടുക്കാത്തതാണ് ദുരന്തത്തിനു വഴി വച്ചത്.

' മോളേ അതു വഴി പോകുമ്പോള്‍ സൂക്ഷിക്കണേ' എന്നു മകള്‍ ബിന്ദുവിനെ ഓര്‍മിപ്പിച്ച ശേഷം പിതാവ് തങ്കപ്പന്‍ ഗ്രില്ലില്ലാത്ത ഭാഗത്ത് കയറു കെട്ടാനൊരുങ്ങവെയാണ് ദുരന്തം നടന്നത്. നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ചയുടെ നടുക്കത്തിലാണ് ഇപ്പോഴും സ്ഥാപനത്തിലെ ജീവനക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com