ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന്റെ സത്യവാങ്മൂലം ഇന്നു പരിഗണിക്കും ; എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന രതീശന്റെ അപേക്ഷയും കോടതിയിൽ 

ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറായി വി രതീശനെ 2017 മേയ് 9നാണ് കോടതി നിയമിച്ചത്
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന്റെ സത്യവാങ്മൂലം ഇന്നു പരിഗണിക്കും ; എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന രതീശന്റെ അപേക്ഷയും കോടതിയിൽ 

ന്യൂഡൽഹി : തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട് രാജകുടുംബം നൽകിയ സത്യവാങ്മൂലം സുപ്രീംകോടതി ഇന്നു പരിഗണിക്കും. ക്ഷേത്രഭരണം സംബന്ധിച്ച് വിധിയിൽ നിർദേശിച്ചപ്രകാരമുള്ള നടപടികൾ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി മൂലം തിരുനാൾ രാമവർമയാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇതോടൊപ്പം ക്ഷേത്രം നടത്തിപ്പിന് ഭരണസമിതി രൂപീകരിക്കാൻ വിധിച്ച സാഹചര്യത്തിൽ എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി രതീശൻ നൽകിയ അപേക്ഷയും കോടതി പരി​ഗണിക്കും. 

ഭരണസമിതിയുടെ അധ്യക്ഷ സ്ഥാനം തിരുവനന്തപുരം ജില്ലാ ജഡ്ജിക്കായിരിക്കണമെന്നാണ് കഴിഞ്ഞ മാസം 13ന്റെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ, ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കിൽ, ഹിന്ദുവായ ഏറ്റവും മുതിർന്ന അഡിഷനൽ ജില്ലാ ജഡ്ജിക്കാവണം അധ്യക്ഷസ്ഥാനമെന്നു വ്യക്തമാക്കണമെന്ന് രാമവർമയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

മുൻ ഹൈക്കോടതി ജഡ്ജിയെ ഉപദേശക സമിതി അധ്യക്ഷനാക്കണമെന്നാണ് കോടതി നിർദേശിച്ചത്. ക്ഷേത്ര പാരമ്പര്യങ്ങൾ അറിയുന്ന വ്യക്തിയെന്ന് ഉറപ്പാക്കാനെന്നോണം, കേരള ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയെ നിയമിക്കാൻ നിർദേശിക്കുകയെന്നതാണ് സത്യവാങ്മൂലത്തിൽ അപേക്ഷിച്ചിട്ടുള്ള മറ്റൊരു ആവശ്യം. ഭരണ, ഉപദേശക സമിതി രൂപീകരണ നടപടികളെക്കുറിച്ച് 4 ആഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ വിധിയിൽ നിർദേശിച്ചിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറായി വി രതീശനെ 2017 മേയ് 9നാണ് കോടതി നിയമിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള നടപടികളുടെ പേരിൽ ചില നിക്ഷിപ്ത താൽപര്യക്കാർ തനിക്കെതിരെ വ്യാജപരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ അനുമതിയില്ലാതെ നിയമനടപടികൾ പറ്റില്ലെന്നു വ്യക്തമാക്കണമെന്നും രതീശന്റെ അപേക്ഷയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com