അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണം, തനിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രമേയം നിലനില്‍ക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍

നിയമസഭാ സമ്മേളനം 24 ന് തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്
അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണം, തനിക്കെതിരെയുള്ള യുഡിഎഫിന്റെ പ്രമേയം നിലനില്‍ക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : തനിക്കെതിരെയുള്ള യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

നിയമസഭാ സമ്മേളനം 24 ന് തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. 24നു രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഉള്ളതിനാല്‍ എംഎല്‍എമാര്‍ക്കെല്ലാം തിരുവനന്തപുരത്ത് എത്തേണ്ടതിനാലാണ് അന്നു തന്നെ സഭയും വിളിച്ചത്.

സ്വര്‍ണക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ടതു വഴി സ്പീക്കര്‍ പദവിയുടെ മഹിമ നഷ്ടപ്പെടുത്തിയെന്ന ആരോപണമാണു പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. എംഎല്‍എമാരായ വി ഡി സതീശനും എം ഉമ്മറുമാകും സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ നോട്ടീസ് നല്‍കുക എന്നാണ് സൂചന. 

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും എതിരെയുള്ള ആക്ഷേപങ്ങളുടെ പേരിലാണ് അവിശ്വാസ നീക്കം. രാജ്യസഭാ തെരഞ്ഞെടുപ്പിനായി എം വി ശ്രേയാംസ്‌കുമാറും (എല്‍ഡിഎഫ്) ലാല്‍ വര്‍ഗീസ് കല്‍പകവാടിയും (യുഡിഎഫ്) പത്രിക നല്‍കി. 24 ന് രാവിലെ 9 മുതല്‍ വൈകിട്ടു 4 വരെയാണു വോട്ടിങ്. കോവിഡ് ലക്ഷണമുള്ളവര്‍ക്കു 4 മുതല്‍ 5 വരെ വോട്ടു ചെയ്യാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com