വിഷത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരഞ്ഞത് അച്ഛന്‍ വാങ്ങിനല്‍കിയ പുതിയ ഫോണില്‍ ; നിരവധി സ്ത്രീകളുമായി സംസര്‍ഗം; ആസൂത്രിത ഗൂഡാലോചന, ആല്‍ബിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കുടുംബ സ്വത്തായ നാലര ഏക്കര്‍ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ്
വിഷത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ തിരഞ്ഞത് അച്ഛന്‍ വാങ്ങിനല്‍കിയ പുതിയ ഫോണില്‍ ; നിരവധി സ്ത്രീകളുമായി സംസര്‍ഗം; ആസൂത്രിത ഗൂഡാലോചന, ആല്‍ബിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കാസര്‍കോട്: കാസര്‍കോട് ബളാലില്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ കൊന്ന കേസില്‍ പ്രതി ആല്‍ബിന്‍ ബെന്നി കുറ്റം സമ്മതിച്ചതായി പൊലീസ്. കേസില്‍ മറ്റു പ്രതികളില്ല. ആല്‍ബിന്‍ തനിയെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഇന്നു തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ ശ്രീദാസന്‍ പറഞ്ഞു.

ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയയുടെ(16) മരണത്തിലാണ് സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ (22) പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു നല്‍കിയത്. പ്രതി ആല്‍ബിനെ രാവിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. 

വളരെ ആസൂത്രിതമായാണ് ആല്‍ബിന്‍ കുടുംബത്തെ കൊല ചെയ്യാന്‍ പദ്ധതിയിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. ഇതുവഴി കുടുംബ സ്വത്തായ നാലര ഏക്കര്‍ സ്ഥലം കൈക്കലാക്കി വിറ്റ് നാടുവിടലായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതായും പൊലീസ് സൂചിപ്പിച്ചു. 

പിതാവ് ബെന്നി ഒരാഴ്ച മുമ്പാണ് 16,000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ പ്രതി ആല്‍ബിന് വാങ്ങിക്കൊടുത്തത്. ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്തു നല്‍കി വീട്ടുകാരെ കൊലപ്പെടുത്താനുള്ള ആദ്യ പദ്ധതി പാളിയിരുന്നു. ഇതേത്തുടര്‍ന്ന് എലിവിഷം എത്ര അളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കും എന്നതടക്കമുള്ള കാര്യങ്ങളില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് പുതിയ ഫോണിലാണ്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ ആല്‍ബിന് നിരവധി സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. പ്രതിയുടെ ചാറ്റുകള്‍ സഹോദരി ആന്‍മേരി മരിയ കാണുകയും ചെയ്തിരുന്നു. ലഹരിക്ക് അടിമയായ ആല്‍ബിന്‍ മുമ്പ് സഹോദരിയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയില്‍ നിന്നാണ് ആല്‍ബിന്‍ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. സഹോദരിയും അച്ഛനും കഴിച്ചു. ഐസ്‌ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിര്‍ബന്ധിച്ച് നല്‍കി. 

വീട്ടിലെ വളര്‍ത്തുനായക്കും ഐസ്‌ക്രീം കൊടുക്കണമെന്ന് അമ്മ പറഞ്ഞെങ്കിലും നായക്ക് നല്‍കിയില്ല. ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീം രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നു. സഹോദരി മരിച്ചപ്പോഴും അച്ഛന്‍ ബെന്നി ഗുരുതരാവസ്ഥയില്‍ ആയപ്പോഴുമെല്ലാം ആല്‍ബിന്‍ ഒരു കൂസലുമില്ലാതെ നിന്നു. ആല്‍ബിന്റെ അച്ഛന്‍ ബെന്നി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com