സമ്പര്‍ക്കം കണ്ടെത്തുകയാണ് ലക്ഷ്യം; ഫോണ്‍ വിളിയുടെ ഉള്ളടക്കം ശേഖരിക്കുന്നില്ല; വിശദീകരണവുമായി പൊലീസ്

സമ്പര്‍ക്കം കണ്ടെത്തുകയാണ് ലക്ഷ്യം; ഫോണ്‍ വിളിയുടെ ഉള്ളടക്കം ശേഖരിക്കുന്നില്ല; വിശദീകരണവുമായി പൊലീസ്


തിരുവനന്തപുരം: നിയമാനുസൃതമാണ് കോവിഡ് ബാധിത വ്യക്തിയുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് പൊലീസ്്. മഹാമാരികളുടെ സമയത്ത് ഇത്തരം വിവരം ശേഖരിക്കാന്‍ അനുവാദമുണ്ട്. സമ്പര്‍ക്കം കണ്ടെത്തുകയാണ് ലക്ഷ്യം. ഫോണ്‍വിളിയുടെ ഉള്ളടക്കം ശേഖരിക്കുന്നില്ല. അസാധാരണ സാഹചര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യ നിയന്ത്രണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പര്‍ക്കം കണ്ടെത്തുന്നതിനുള്ള നടപടികള്‍. സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പര്‍ക്ക വിവരങ്ങളുടെ ശേഖരണം.ഈ വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികളെ സംബന്ധിച്ച് സുപ്രീംകോടതി തന്നെ വ്യക്തമായി വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മിഡിയ സെന്റര്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നു. 

മഹാമാരികള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് സുപ്രീംകോടതി കെ.എസ്.പുട്ടസ്വാമി vs യൂണിയന്‍ ഓഫ് ഇന്‍ഡ്യ (2017),  Mr. X vs Hospital Z (1998) എന്നീ കേസുകളുടെ വിധികളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ്  2020ന്റെ സെക്ഷന്‍ 4(2)(ഷ) പ്രകാരം സര്‍ക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികള്‍ എടുക്കാന്‍ അധികാരമുണ്ട്.

മഹാമാരിയുടെ ഭീഷണി ജനങ്ങള്‍ നേരിടുമ്പോള്‍ അത് തടയുക എന്ന മുഖ്യദൗത്യത്തിനാണ് പരമപ്രാധാന്യം നല്‍കേണ്ടത്. ഇത്തരം അസാധാരണമായ സാഹചര്യത്തില്‍  വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരും.  ഇതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല.

ഇന്ത്യ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഫോണ്‍ കോളുകളുടെ ഉള്ളടക്കം ഈ ഉദ്യമത്തിന്റെ ഭാഗമായി ശേഖരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി മാത്രമാണ് ശേഖരിക്കുന്നത്. അത് ഉപയോഗിച്ചാണ് രോഗവ്യാപനത്തിന് കാരണമാകാനിടയുള്ള വ്യക്തിയുടെ സഞ്ചാരത്തിന്റെ റൂട്ട് മാപ്പ് തയാറാക്കുന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് ജാഗ്രത പുലര്‍ത്തുന്നതിന് മുന്നറിയിപ്പ് നല്‍കുകയുമാണ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com