ആയിരത്തിലേറെ പേര്‍; ഒരേസമയം സകുടുംബം രാജ്യവന്ദനം; വ്യത്യസ്തമായി സി എം ആര്‍ എല്‍ സ്വാതന്ത്ര്യ ദിനാഘോഷം

ജന്മനാടിനെ വണങ്ങി  ആവേശപൂര്‍വം സകുടുംബം ഒരു സ്വാതന്ത്ര്യദിനാഘോഷം
ആയിരത്തിലേറെ പേര്‍; ഒരേസമയം സകുടുംബം രാജ്യവന്ദനം; വ്യത്യസ്തമായി സി എം ആര്‍ എല്‍ സ്വാതന്ത്ര്യ ദിനാഘോഷം

ആലുവ: ജന്മനാടിനെ വണങ്ങി  ആവേശപൂര്‍വം സകുടുംബം ഒരു സ്വാതന്ത്ര്യദിനാഘോഷം. രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തവും ആവേശകരവുമായ രീതിയിലാണ് പ്രമുഖ വ്യവസായ സ്ഥാപനമായ സി.എം.ആര്‍.എല്ലിലെ ആയിരത്തോളം തൊഴിലാളി കുടുംബങ്ങള്‍ ആഘോഷിച്ചത്. സംസ്ഥാനത്തു തന്നെ ഇതാദ്യമായാണ് ഒരു വ്യവസായ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടെയും കുടുംബത്തില്‍ ഒരേ സമയം ഇത്തരമൊരു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത്.

സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്. എന്‍. ശശിധരന്‍ കര്‍ത്തയുടെ നിര്‍ദേശപ്രകാരം ആയിരത്തിലേറെ വരുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് തലേന്നു തന്നെ  ദേശിയപതാകയും മധുര പലഹാരങ്ങളും എത്തിച്ചു കൊടുത്തിരുന്നു. ആഗസ്റ്റ് 15, രാവിലെ എട്ടു മണിക്കു തന്നെ  എല്ലാ കുടുംബാംഗങ്ങളും വീട്ടുമുറ്റത്ത് ഒത്തു ചേര്‍ന്ന് രാജ്യവന്ദനം നടത്തി. കുടുംബത്തിലെ മുതിര്‍ന്ന അംഗം ദേശിയപതാക ഉയര്‍ത്തി ദേശീയ ഗാനമാലപിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ദേശസ്‌നേഹ പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.

രാജ്യ സ്‌നേഹമുള്ളവര്‍ക്കേ സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവുകയുള്ളു എന്ന് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യ ദിന സന്ദോശത്തില്‍ സി.എം.ആര്‍.എല്‍ എം.ഡി. ഡോ: എസ്.എന്‍.ശശിധരന്‍ കര്‍ത്ത പറഞ്ഞു. ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

സമൂഹത്തിനോടും കുടുംബത്തോടും പ്രതിബദ്ധതയുള്ളവര്‍ക്ക് മാത്രമെ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ സാധിക്കു. നമുക്കുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് ദോഷകരമായ പ്രവര്‍ത്തി ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ലെന്നുംശശിധരന്‍ കര്‍ത്ത ഓര്‍മ്മിപ്പിച്ചു.

കോവിഡ് 19 മഹാമാരിയുടെ ചങ്ങല പൊട്ടിക്കുമ്പോഴും  മനുഷ്യ ബന്ധങ്ങളുടെ ചങ്ങല ദൃഢമായിരിക്കണം എന്ന് കര്‍ത്ത പറഞ്ഞു. കോവിഡ് മഹാമാരി ആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക, വ്യവസായിക മേഖലയിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.   

സി.എം.ആര്‍.എല്ലിന്റെ ഉപോത്പന്നമായ ഫെറിക്ക് ക്ലോറൈഡ് കുടിവെള്ള ശുദ്ധീകരണത്തിനും വൈദ്യുത പ്ലാന്റുകള്‍ക്ക് ആവശ്യമായ വെള്ളം ശുദ്ധീകരിക്കുന്നതിനും അനിവാര്യമായതിനാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍  അവശ്യവിഭാഗത്തില്‍പെടുത്തിയിട്ടുണ്ട്. തന്മൂലം സി.എം.ആര്‍.എല്ലും  അവശ്യ വിഭാഗത്തില്‍ പെട്ട കമ്പനിയായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സി.എം.ആര്‍.എല്‍.എര്‍പ്പെടുത്തിയ മുന്‍കരുതലുകള്‍ ഏവര്‍ക്കും മാതൃകയാണന്ന് കമ്പനി സന്ദര്‍ശിച്ച ജില്ല കളക്ടര്‍ എസ്.സുഹാസ് അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. പൊലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും എം.ഡി. അഭിനന്ദിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡോ: എസ്.എന്‍.ശശിധരന്‍ കര്‍ത്ത ദേശീയപതാക ഉയര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com