പച്ചമരുന്നില്‍ തുടങ്ങിയ അന്വേഷണം, പൊലീസ് സര്‍ജന്റെ സൂചനകള്‍ നിര്‍ണായകമായി; കൊലപാതകം തെളിയിച്ച പൊലീസിന്റെ അന്വേഷണ മികവ്

കാസര്‍കോട് ബളാലില്‍ സഹോദരി വിഷം ഉളളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് തെളിയിക്കാനായത് പൊലീസിന്റെ അന്വേഷണ മികവ്
പച്ചമരുന്നില്‍ തുടങ്ങിയ അന്വേഷണം, പൊലീസ് സര്‍ജന്റെ സൂചനകള്‍ നിര്‍ണായകമായി; കൊലപാതകം തെളിയിച്ച പൊലീസിന്റെ അന്വേഷണ മികവ്

കാസര്‍കോട്: കാസര്‍കോട് ബളാലില്‍ സഹോദരി വിഷം ഉളളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് തെളിയിക്കാനായത് പൊലീസിന്റെ അന്വേഷണ മികവ്. ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയായ ആന്‍മേരി മരിയയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി അറസ്റ്റിലാണ്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആന്‍മരിയ മരിച്ചത്. എന്നാല്‍ പിതാവ് ബെന്നി (48)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയമുര്‍ന്നു. തുടര്‍ന്ന് ചെറുപുഴ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

മഞ്ഞപ്പിത്തമെന്ന് കരുതി ആന്‍മേരി മരിയയെ ചെറുപുഴയ്ക്കു സമീപമുള്ള ബന്ധുവീട്ടില്‍ താമസിപ്പിച്ചു പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണ് മരിച്ചത്. തുടര്‍ന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പച്ചമരുന്ന് ചികിത്സയെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്ന സംശയത്തില്‍ വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയില്‍ നിന്നു ചെറുപുഴ എസ്‌ഐ മഹേഷ് കെ നായര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതയേറിയത്.

കുട്ടിയുടെ ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സര്‍ജന്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ്‌കുമാര്‍ തുടരന്വേഷണത്തിനു വെളളരിക്കുണ്ട് എസ്എച്ച്ഒയ്ക്ക് വിവരങ്ങള്‍ കൈമാറി. കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന സംശയത്തിലാണു അന്വേഷണം ആരംഭിച്ചതെങ്കിലും ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു കണ്ടെത്തുകയായിരുന്നു.

ചെറുപുഴ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍, എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണു ആന്‍മേരി മരിയയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22)യുടെ അറസ്റ്റിലെത്തിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ കടയില്‍ നിന്നാണ് ആല്‍ബിന്‍ ബെന്നി എലിവിഷം വാങ്ങിയത്. മുപ്പതാം തീയതി വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. സഹോദരിയും അച്ഛനും കഴിച്ചു. ഐസ്‌ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിര്‍ബന്ധിച്ച് നല്‍കി. 

വീട്ടിലെ വളര്‍ത്തുനായക്കും ഐസ്‌ക്രീം കൊടുക്കണമെന്ന് അമ്മ പറഞ്ഞെങ്കിലും നായക്ക് നല്‍കിയില്ല. ബാക്കിയുണ്ടായിരുന്ന ഐസ്‌ക്രീം രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com