കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു, പൊതുദർശനം നടത്തി സംസ്കരിച്ചു; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ആരോപണം

അമ്മയുടേത് കോവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമാണ് ആരോപണം
കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു, പൊതുദർശനം നടത്തി സംസ്കരിച്ചു; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ആരോപണം

തിരുവനന്തപുരം; കോവിഡ് ബാധിച്ച അമ്മയുടെ മൃതദേഹം മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിവരങ്ങൾ മറച്ചുവച്ച് നാട്ടിലെത്തിച്ചുവെന്ന് ആരോപണം. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് കണ്ണന്താനത്തിനെതിരെ രം​ഗത്തെത്തിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുന്നതിന് പകരം മരണകാരണം മറച്ചുവെച്ചുകൊണ്ട് പൊതുദർശനം നടത്തി സംസ്കരിച്ചു എന്നാണ് ജോമോൻ പറയുന്നത്. 

ജൂൺ 10ന് ഡൽഹിയിൽ വെച്ചാണ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് മരിക്കുന്നത്. തുടർന്ന് അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനവും നടത്തിയാണ്  സംസ്കരിച്ചത്. താനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും ഈ സമയത്തെല്ലാം കോവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിൽ ജോമോൻ പറയുന്നത്. അമ്മയുടേത് കോവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമാണ് ആരോപണം. തന്റെ അമ്മ രണ്ട് മാസം മുൻപ് കോവിഡ് ബാധിച്ചു മരിച്ചു എന്നാണ് അദ്ദേഹം വിഡിയോയിൽ പറയുന്നത്. 

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിൻ്റെ അമ്മയുടെ ഓർമയിൽ "മദേർസ് മീൽ" എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.

--- ജോമോൻ പുത്തൻപുരയ്ക്കൽ ---

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com