രാമായണ മാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടി ; ശിവശങ്കര്‍ വഞ്ചകനെന്ന് മന്ത്രി ജി സുധാകരന്‍

രാമായണ മാസത്തിന്റെ സിപിരിറ്റ് പ്രതിപക്ഷത്തിന് ഉള്‍ക്കൊള്ളാനായില്ല. രാമായണ മാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശിവശങ്കര്‍ വഞ്ചകനാണ്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എങ്കിലും ശിവശങ്കര്‍ വഞ്ചന കാട്ടി. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നയുമായുള്ള സൗഹൃദം അപമാനകരമാണ്. ഐഎഎസുകാരില്‍ ദുഃസ്വഭാവക്കാരുണ്ട്. ദുര്‍ഗന്ധം ശിവശങ്കര്‍ വരെ മാത്രമേ എത്തിയിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

ലൈഫ് പദ്ധതിയിൽ കമ്മീഷന്‍ വാങ്ങിയെന്ന് അവര് പറയുന്നതല്ലാതെ വല്ല തെളിവുണ്ടോ, അവരാണോ പ്രതിപക്ഷത്തിന്റെ കോടതി. അവര്‍ക്ക് സ്വര്‍ണ ബിസിനസ് ഉണ്ടെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയല്ലേ എന്നും സ്വപ്‌നയെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു. അവരുമായി കൂട്ടുകൂടേണ്ട വല്ല കാര്യവും സര്‍ക്കാര്‍ സെക്രട്ടറി ശിവശങ്കരനുണ്ടോ. അയാള്‍ വഞ്ചിക്കുകയല്ലേ ചെയ്തത്. ഹി ഈസ് എ ട്രെയ്റ്റര്‍, ഹി ഷുഡ് ബി പണിഷ്ഡ് അക്കോര്‍ഡിംഗ് ടു ദ കോൺസ്റ്റിറ്റ്യൂഷൻ. മന്ത്രി പറഞ്ഞു. 

വിശ്വാസവും സ്വാതന്ത്ര്യവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ആ ദുര്‍ഗന്ധം ഇപ്പോള്‍ തുടച്ചുമാറ്റി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുഗന്ധം മാത്രമേയുള്ളൂ. ഞങ്ങള്‍ സ്വപ്‌നയുടെയും ശിവശങ്കര്‍മാരുടെയും ആരാധകരല്ല. ഐഎഎസുകാര്‍ പറയുന്നിടത്ത് ഒപ്പിടാനല്ല ഇരിക്കുന്നത്. 

രാമായണ മാസത്തില്‍ പ്രതിപക്ഷം പിണറായിയെ വേട്ടയാടി. രാക്ഷസീയ ഭാവങ്ങള്‍ ഒഴിവാക്കേണ്ട മാസമാണ് രാമായണ മാസം. എന്നാല്‍ രാമായണ മാസത്തിന്റെ സിപിരിറ്റ് പ്രതിപക്ഷത്തിന് ഉള്‍ക്കൊള്ളാനായില്ല. വൃഥാ ചിന്തകള്‍ വെച്ചുപുലര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും. പിണറായിയെ വേട്ടയാടുകയാണ് അവര്‍. എത്രയെത്ര പരീക്ഷണങ്ങളെയും ത്യാഗപൂര്‍ണമായ ഘട്ടങ്ങളും കടന്നാണ് അദ്ദേഹം ഇവിടെ എത്തിയത്. അദ്ദേഹത്തെ വേട്ടയാടിയിട്ടും ഒരു കുഴപ്പവും ഭരണഘടനാപരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

കാരണം പിണറായി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അറിയാതെ ചെയ്ത കുറ്റങ്ങള്‍ ഭരണഘടനാപരമായി ബാധ്യതയുള്ളതല്ല. അത് കുറ്റമല്ല. നടന്നത് ഭരണത്തിന്റെ ഭാഗമായി മറ്റാളുകള്‍ ചെയ്ത കുറ്റമാണ്. മാധ്യമങ്ങളോട് മാന്യമായി പെരുമാറാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ പ്രകോപിപ്പിച്ചാലും വഴിവിട്ടൊരു വാക്കുപോലും പറയില്ല. മാധ്യമങ്ങള്‍ തങ്ങളോടും നീതി കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com