മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ 15,000 രൂപയുടെ മൊബൈല്‍ വാങ്ങി നല്‍കി; മറിച്ച് വിറ്റ് പിതാവിന്റെ മദ്യപാനം; ഷാപ്പില്‍ നിന്ന് പ്രതിയെ പിടികൂടി പൊലീസ്

ഇത്തവണ പ്ലസ്ടു പാസായ മൂത്ത മകള്‍ക്കും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകള്‍ക്കും എല്ലാവിഷയങ്ങളിലും എപ്ലസ് ലഭിച്ചിരുന്നു
മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ 15,000 രൂപയുടെ മൊബൈല്‍ വാങ്ങി നല്‍കി; മറിച്ച് വിറ്റ് പിതാവിന്റെ മദ്യപാനം; ഷാപ്പില്‍ നിന്ന് പ്രതിയെ പിടികൂടി പൊലീസ്

കൊച്ചി:  മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ച ഫോണ്‍ തട്ടിയെടുത്ത്് മറിച്ചുവിറ്റ പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബുവാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ വിറ്റ പണംകൊണ്ട് മദ്യപിക്കുന്നതിനിടെ അങ്കമാലിയിലെ ഒരു കള്ള് ഷാപ്പില്‍നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 

കഴിഞ്ഞദിവസം രാത്രിയാണ് സാബു മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിനായി ഭാര്യയെയും മക്കളെയും ആക്രമിച്ചത്. മൂന്ന് പെണ്‍മക്കളും ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ തനിക്ക് നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടര്‍ന്ന് വീട്ടില്‍ വഴക്കുണ്ടാവുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി ഇളയമകള്‍ അയല്‍വീട്ടിലേക്ക് ഓടിപ്പോയി. ഇതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ഇവര്‍ സാബുവിന്റെ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സാബുവിന്റെ മൂന്ന് പെണ്‍കുട്ടികളും പഠനത്തില്‍ മികച്ചനിലവാരം പുലര്‍ത്തുന്നവരായതിനാല്‍ നാട്ടുകാരാണ് ഇവര്‍ക്ക് 15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത്. ഇത്തവണ പ്ലസ്ടു പാസായ മൂത്ത മകള്‍ക്കും പത്താം ക്ലാസ് പാസായ രണ്ടാമത്തെ മകള്‍ക്കും എല്ലാവിഷയങ്ങളിലും എപ്ലസ് ലഭിച്ചിരുന്നു. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ ഇളയമകളും പഠനത്തില്‍ മിടുക്കിയാണ്. സ്ഥിരംമദ്യപാനിയായ സാബു മദ്യപിക്കാന്‍ പണമില്ലാത്തതിനാല്‍ ഈ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം വീട്ടില്‍നിന്നിറങ്ങിയ പ്രതി ചൊവ്വാഴ്ച രാവിലെ തന്നെ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തിയിരുന്നു. തുടര്‍ന്ന് ഈ പണം കൊണ്ട് മദ്യപിക്കുന്നതിനിടെയാണ് കള്ള് ഷാപ്പില്‍നിന്ന് പിടിയിലായത്. ഇയാള്‍ നേരത്തെ ചാരായം വാറ്റ്, മോഷണം അടക്കമുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. ബാലനിതീ വകുപ്പ് പ്രകാരമടക്കം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com