വൈദ്യുതി തൂണിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; പൊലീസിന് നേരെ കല്ലേറ്; ട്രാൻസ്ഫോമർ തല്ലിത്തകർത്തു; അമ്മയ്ക്കും മകനുമെതിരെ കേസ്

വൈദ്യുതി തൂണിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; പൊലീസിന് നേരെ കല്ലേറ്; ട്രാൻസ്ഫോർമർ തല്ലിത്തകർത്തു; അമ്മയ്ക്കും മകനുമെതിരെ കേസ്
വൈദ്യുതി തൂണിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി; പൊലീസിന് നേരെ കല്ലേറ്; ട്രാൻസ്ഫോമർ തല്ലിത്തകർത്തു; അമ്മയ്ക്കും മകനുമെതിരെ കേസ്

ആലപ്പുഴ: വൈദ്യുതി തൂണിന് മുകളിൽക്കയറി കാപ്പാ കേസ് പ്രതി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലേറ്. ചേർത്തല മുട്ടത്തിപ്പറമ്പിന് സമീപം ഭജനമഠം കണ്ടെയ്ൻമെന്റ് പ്രദേശത്ത് ‌ഇന്നലെ വൈകീട്ടാണ് സംഭവം. 

ഭജനമഠം ജം​ഗ്‌ഷനു സമീപം താമസിക്കുന്ന സുധാകരനാണ് പൊലീസിന് നേർക്ക് കല്ലെറിഞ്ഞത്. സമീപത്തെ വീട്ടിൽ പണിയെടുത്തതിന്റെ കൂലി നൽകിയില്ലെന്ന് ആരോപിച്ചാണ് ഇയാൾ വൈദ്യുത തൂണിന്റെ മുകളിൽ കയറിയത്. പിന്നീട് താഴെയിറങ്ങിയ പ്രതി ട്രാൻസ്ഫോമർ തല്ലിത്തകർത്തു. 

പൊലീസും അഗ്നിരക്ഷാ സേനയും വൈദ്യുതി ബോർഡ് ജീവനക്കാരും സ്ഥലത്തെത്തി താഴെയിറക്കിയപ്പോൾ സുധാകരനും വീട്ടുകാരും നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതിനിടെ നാട്ടുകാർക്കു നേരെ തിരിഞ്ഞ സുധാകരന്റെ അമ്മ ജയശ്രീയെയും മകളെയും ശാന്തരാക്കാൻ ശ്രമിച്ചപ്പോൾ പൊലീസിനു നേരെ ഇവർ കല്ലെറിയുകയായിരുന്നെന്ന് മാരാരിക്കുളം സിഐ എസ് രാജേഷ് പറഞ്ഞു.

കല്ലേറിൽ മണ്ണഞ്ചേരി എസ്ഐ ഡി ജയകുമാറിന് പരുക്കേറ്റു. തുടർന്നു ജയശ്രീയെ അറസ്റ്റ് ചെയ്തു. ജയശ്രീയെയും കൊണ്ട് പൊലീസ് പോയ ശേഷമായിരുന്നു സുധാകരൻ ട്രാ‍ൻസ്ഫോമർ അടിച്ചു തകർത്തത്. പൊലീസിനെ ആക്രമിച്ചതിന് സുധാകരനെതിരെ കേസെടുത്തിട്ടുണ്ട്.

വൈദ്യുതി ബോർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊതു മുതൽ നശിപ്പിച്ചതിനു കൂടി കേസെടുക്കുമെന്ന് സിഐ പറഞ്ഞു. അതേസമയം പൊലീസ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ജയശ്രീയുടെ മകൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com