ലൈഫ് പദ്ധതിയുടെ ധാരണാപത്രം പുറത്തുവിടാത്തതെന്ത്? കമ്മീഷന്‍ കിട്ടിയത് ആര്‍ക്കൊക്കെ? സര്‍ക്കാരിന് എതിരെ ചെന്നിത്തല

എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ലൈഫ് പദ്ധതിയുടെ ധാരണാപത്രം പുറത്തുവിടാത്തതെന്ത്? കമ്മീഷന്‍ കിട്ടിയത് ആര്‍ക്കൊക്കെ? സര്‍ക്കാരിന് എതിരെ ചെന്നിത്തല

തിരുവനന്തപുരം: എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കുന്നില്ല. എട്ടുദിവസം മുന്‍പ് കത്ത് നല്‍കിയിട്ടും മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റുകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. പദ്ധതിയുടെ കമ്മീഷന്‍ ആര്‍ക്കൊക്കെ കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 

സംസ്ഥാന സര്‍ക്കാരിന് ലഭിച്ച വിദേശ ഫണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണം. വിദേശപര്യടനങ്ങള്‍ വഴി ലഭിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട പദ്ധതികള്‍ എന്തായെന്നും അദ്ദേഹം ചോദിച്ചു. 

നിക്ഷേപങ്ങളുടെ വിവരവും അവ വന്ന വഴികളും വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. നയതന്ത്ര ബാഗേജ് സംബന്ധിച്ച ഫയലുകള്‍ നശിപ്പിച്ചോയെന്ന് സംശയമുണ്ട്. മുന്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഫയലുകള്‍ നശിപ്പിച്ചു. ഓഫീസറെ ചോദ്യം ചെയ്യണം. 

മതഗ്രന്ഥങ്ങള്‍ അടങ്ങിയ പായ്ക്കറ്റുകള്‍ എങ്ങനെ റിലീസ് ചെയ്‌തെന്ന്  കെ ടി ജലീലും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ ചീഞ്ഞു നാറുകയാണെന്നും തൈലം പുരട്ടിയാലും നാറുമെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com