കോവിഡിന്റെ മറവില്‍ പകല്‍ക്കൊള്ള; വിമാനത്താവളം അദാനിക്ക് തീറെഴുതി; കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

ഇടപാടിലൂടെ കോടികളുടെ അഴിമതിയാണ് ബിജെപി നടത്തിയതെന്ന്‌കടകംപള്ളി സുരേന്ദ്രന്‍
കോവിഡിന്റെ മറവില്‍ പകല്‍ക്കൊള്ള; വിമാനത്താവളം അദാനിക്ക് തീറെഴുതി; കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രമന്ത്രി സഭായോഗതീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഇടപാടിലൂടെ കോടികളുടെ അഴിമതിയാണ് ബിജെപി നടത്തിയതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത സംസ്ഥാനത്തെ സംബന്ധിച്ച് അമ്പരിപ്പിക്കുന്നതാണ്. 50 വര്‍ഷത്തേക്ക് ഈ വിമാനത്താവളം അദാനിക്ക് തീറെഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ കൊള്ളയായിട്ടുവേണം ഈ തീരുമാനത്തെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവിമാനത്താവളത്തെയാണ് സ്വകാര്യവ്യക്തിയ്ക്ക് വിറ്റഴിക്കുന്നത്. 170 കോടി രൂപയാണ് ഈ വിമാനത്താവളം ഒരുവര്‍ഷം ലാഭമുണ്ടാക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഈ നീക്കത്തിനെതിരെ നാടിനെ സനേഹിക്കുന്ന നല്ല മനസുകളുടെ പ്രതിഷേധം ഉയരണം. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിന് 600 കോടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി നീക്കിവച്ചിരിക്കുന്നത് ത്തരമൊരു സാഹചര്യത്തിലാണ് ഈ വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതെന്നും തീരുമാനം എയര്‍പോര്‍ട്ടിലെ ആയിരക്കണക്കിനുള്ള ജീവനക്കാരെ ബാധിക്കുമെന്നും തിരുവവനന്തപുരം വിമാനത്താവളത്തിന്റെ ചരിത്രപരമായ പ്രാധാന്യം പോലും ഉള്‍ക്കൊള്ളാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ലെന്നും കടകംപള്ളി പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനിച്ചത്. സ്വകാര്യ കമ്പനിക്ക് 50 വര്‍ഷത്തേക്കാണ് വിമാനത്താവളം പാട്ടത്തിന് നല്‍കുന്നത്. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം എന്നിവയുടെ ചുമതലകള്‍ സ്വകാര്യ കമ്പനിക്കായിരിക്കും. കേരള സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കേന്ദ്രതീരുമാനം.

തിരുവനന്തപുരത്തിന് പുറമെ, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. അടുത്ത അഞ്ചുവര്‍ഷത്തിനിടെ 30 മുതല്‍ 35 വരെ വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നല്‍കുന്നതിനെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നെടുമ്പാശ്ശേരി മോഡലില്‍, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ച് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com