കോൾ വിവരങ്ങൾ വേണ്ട, ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ ഡേറ്റയെന്ന് സർക്കാർ ഹൈക്കോടതിയിൽ 

രോ​ഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ​ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളു എന്ന് സർക്കാർ
കോൾ വിവരങ്ങൾ വേണ്ട, ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ ഡേറ്റയെന്ന് സർക്കാർ ഹൈക്കോടതിയിൽ 

കൊച്ചി: കൊവിഡ് രോ​ഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്ന് സർക്കാർ. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. നിലവിൽ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പൊതുതാൽപ്പര്യ ഹർജി പരി​ഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.  

കോവിഡ് രോ​ഗികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി കോൾ ഡേറ്റാ റെക്കോഡുകൾ ആവശ്യമില്ല.  വിവരശേഖരണത്തിനായി ടവർ ലൊക്കേഷൻ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോ​ഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ​ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുന്നുള്ളു എന്നും സർക്കാർ വ്യക്തമാക്കി.

ടവർ ലൊക്കേഷൻ മാത്രം മതിയെങ്കിൽ പ്രശ്നമില്ലെന്ന്  കോടതി അഭിപ്രായപ്പെട്ടു. മറ്റ് രേഖകൾ വേണമെങ്കിൽ വിശദമായ സത്യവാങ്മൂലം വേണമെന്നും കോടതി സർക്കാരിനെ അറിയിച്ചു. വിഷയത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടെങ്കിൽ വിശദമായ റിപ്പോർട്ട് വെള്ളിയാഴ്ച്ചയ്ക്കകം സമർപ്പിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. അല്ലാത്ത പക്ഷം കേസിൽ തുടർനടപടിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരി​ഗണിക്കും. 

കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ ബിഎസ്എൻഎൽ, വോഡോഫോൺ എന്നീ സർവീസ് ദാതാക്കളിൽനിന്ന് ലഭ്യമാക്കാൻ എ.ഡി.ജി.പി (ഇന്റലിജന്റ്സ്), പൊലീസ് ഹെഡ്‌ക്വാർട്ടേഴ്സ് എന്നിവരോട് നിർദ്ദേശിച്ച് ഓഗസ്റ്റ് 11 ന് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു. രോ​ഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. 

രോഗബാധിതരുടെ സമ്പർക്ക വിവരങ്ങൾ വിവരങ്ങൾ കൈമാറുമ്പോൾ ആരുടേതാണെന്ന് തിരിച്ചറിയാത്ത വിധമാക്കണമെന്ന കേന്ദ്രസർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കുന്നില്ല. കൈമാറുന്ന വിവരങ്ങൾ മറ്റൊരു ഏജൻസിയെ ഏൽപിക്കുന്നത് വാണിജ്യാവശ്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും ദുരുപയോഗം ചെയ്യാനിടയുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ മതിയാകുമെന്നിരിക്കെയാണ് രോഗബാധിതരുടെ അനുമതി വാങ്ങാതെയുള്ള നിയമവിരുദ്ധ നടപടി. അതിനാൽ  സർക്കുലർ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com