ന​ഗ്നശരീരത്തിൽ  ചിത്രം വരച്ച കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

എറണാകുളം പോക്സോ കോടതിയാണ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചത് 
ന​ഗ്നശരീരത്തിൽ  ചിത്രം വരച്ച കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: കുട്ടികളെക്കൊണ്ട് അർധ നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹ​മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.  

സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച കീഴടങ്ങുകയായിരുന്നു. 

പോക്സോ, ഐടി നിയമങ്ങൾ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ  കേസെടുത്തത്‌. വിഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബർ ഡോം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. വിഡിയോയ്ക്കെതിരെ ബിജെപി നേതാവ് എവി അരുണ്‍പ്രകാശും പത്തനംതിട്ട കോടതിയില്‍ പരാതി നൽകിയിരുന്നു. തുടർന്ന് കൊച്ചി പനമ്പള്ളിനഗറിൽ രഹ്നയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവിൽ പോകുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. ഐടി ആക്ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി രഹനയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ പ്രമുഖ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വഴി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി. ‘നിങ്ങൾ എന്തിനാണ് ഇതെല്ലാം ചെയ്തത്? നിങ്ങളൊരു ആക്ടിവിസ്റ്റായിരിക്കാം. പക്ഷേ ഇതെല്ലാം എന്ത് അസംബന്ധമാണ്? നിങ്ങൾ അശ്ലീലത പരത്തുകയാണ്. തെറ്റായ സന്ദേശമാണിത് സമൂഹത്തിനു നൽകുക. ഈ പ്രവൃത്തിയിൽ പങ്കെടുപ്പിച്ചതിലൂടെ, വളർന്നുവരുന്ന കുട്ടികൾക്ക് എന്തു സന്ദേശമാണു കിട്ടുന്നത്?’ എന്നു ചോദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് തള്ളിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com