പങ്കാളിയായ യെമന്‍ യുവാവിനെ കൊന്ന് ടാങ്കില്‍ തള്ളി : മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു ; സഹായിച്ച നഴ്‌സിന് ജീവപര്യന്തം

കൊലപാതകത്തിന് സഹായിച്ച നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു
പങ്കാളിയായ യെമന്‍ യുവാവിനെ കൊന്ന് ടാങ്കില്‍ തള്ളി : മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു ; സഹായിച്ച നഴ്‌സിന് ജീവപര്യന്തം


സനാ: യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളിയുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു. യെമന്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ശിക്ഷയാണ് യെമന്‍ കോടതി ശരിവെച്ചത്. 

കൊലപാതകത്തിന് സഹായിച്ച നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. യമനിലെ അല്‍ ദൈദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. യെമനില്‍ ഒന്നിച്ചുതാമസിച്ചിരുന്ന തലാല്‍ അബ്ദു മഹ്ദിയെയാണ് വെട്ടിനുറുക്കി കഷണങ്ങളാക്കി  ചാക്കില്‍ പൊതിഞ്ഞ് താമസിക്കുന്ന ഫ്‌ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ തള്ളിയത്. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ വിവരമറിഞ്ഞത്.

തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് നിമിഷപ്രിയ നേരത്തെ വീട്ടുകാർക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു.  പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായതായി കത്തിൽ പറയുന്നു. തോക്കു ചൂണ്ടി പല തവണ ഭീഷണിപ്പെടുത്തിയതായും പറയുന്നു. 

യെമനിൽ എത്തിയതു മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ 12 പേജുള്ള കത്തിൽ സൂചിപ്പിച്ചിരുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു തലാലിന്റെ സഹായം നിമിഷപ്രിയ തേടുന്നത്. താൻ ഭാര്യയാണെന്നു തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷപ്രിയ ആരോപിക്കുന്നു. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. സ്വർണാഭരണങ്ങളും തട്ടിയെടുത്തു വിറ്റു എന്നും നിമിഷപ്രിയ കത്തിൽ വിവരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com