'കൊല്ലരുത്...എനിക്ക് രണ്ട് മക്കളുണ്ട്...'; യാചിച്ചിട്ടും സിയാദിനെ വെട്ടിവീഴ്ത്തി; കോണ്‍ഗ്രസ് ക്രിമിനലുകളെ സംരക്ഷിക്കുന്നെന്ന് കോടിയേരി

ആഹാരം കൊടുത്ത് തിരികെവരുന്ന ബാപ്പയെ കാത്തിരുന്ന സിയാദിന്റെ മക്കള്‍ അഞ്ചുവയസായ ഐഷയും ഒരു വയസായ ഹൈറയും ആരുടെയും മനസ് തകര്‍ക്കുന്ന ദുഖമായി മാറുന്നു
'കൊല്ലരുത്...എനിക്ക് രണ്ട് മക്കളുണ്ട്...'; യാചിച്ചിട്ടും സിയാദിനെ വെട്ടിവീഴ്ത്തി; കോണ്‍ഗ്രസ് ക്രിമിനലുകളെ സംരക്ഷിക്കുന്നെന്ന് കോടിയേരി


ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രവര്‍ത്തകന്‍ സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയത് ഏറെ ദുഖകരമായ സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ പ്രതിയോഗികളെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വകവരുത്തുന്ന സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

'എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്..' എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരതയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയന്‍ മൂല്യങ്ങളെ പിന്‍പറ്റിയാണ്? സിയാദിനെ വകവരുത്തിയത് ആസൂത്രിതമായാണ് എന്നുള്ളതിന്റെ വിശദാംശങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊലപാതകം നടത്തിയ ക്രിമിനല്‍ സംഘങ്ങളുടെ രക്ഷകരായി കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൗണ്‍സറിലറും മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ദാരുണ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാവുന്നു.- അദ്ദേഹം പറഞ്ഞു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ വകവരുത്താന്‍ ചില്ലറ ഹൃദയശൂന്യതയൊന്നും പോര. മത്സ്യവ്യാപാരം നടത്തുന്ന സിയാദ് ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് ആസൂത്രിതമായ ആക്രമണം ഉണ്ടായത്. ആഹാരം കൊടുത്ത് തിരികെവരുന്ന ബാപ്പയെ കാത്തിരുന്ന സിയാദിന്റെ മക്കള്‍ അഞ്ചുവയസായ ഐഷയും ഒരു വയസായ ഹൈറയും ആരുടെയും മനസ് തകര്‍ക്കുന്ന ദുഖമായി മാറുന്നു.- കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ജനകീയനും സന്നദ്ധ പ്രവര്‍ത്തകനുമായ സഖാവ് സിയാദ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കനായിരുന്നു. സിയാദിന്റെ ജനകീയതയെ ഭീഷണിയായി കോണ്‍ഗ്രസ് കരുതിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ക്രിമിനലിനെ രക്ഷപെടുത്തിയത് കോണ്‍ഗ്രസ് നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. ശരീരത്തില്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്‌കൂട്ടറില്‍ കയറ്റിയാണ് കോണ്‍ഗ്രസ് നേതാവായ കൗണ്‍സിലര്‍ രക്ഷപെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. 

ഒരുഭാഗത്ത് അഹിംസാ പ്രഭാഷണങ്ങള്‍ നടത്തുകയും മറുഭാഗത്ത് കൊലക്കത്തി മിനുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് സംസ്‌കാരം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. കൊലപാതക രാഷ്ട്രീയം കേരളത്തിന് വേണ്ട. കോണ്‍ഗ്രസ് നേതൃത്വം ഗുണ്ടാ മാഫിയ സംഘങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ശൈലി അവസാനിപ്പിക്കാന്‍ തയ്യാറാവണം. സഖാവ് സിയാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. സഖാവിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com