തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് ; സംസ്ഥാനസര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് ; സംസ്ഥാനസര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്നു വൈകീട്ട് നാലുമണിയ്ക്കാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക. 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമാണ്. തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകണം. 

തീരുമാനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച തീരുമാനം നിയമവിരുദ്ധമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദാനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്നായിരിക്കും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുക. 

വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ കേസ് തുടരാന്‍ സുപ്രീംകോടതി അനുമതിയുണ്ട്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കോവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ടുപോവുന്നതിന് ഇടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com