പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

ഉരുൾപൊട്ടലിൽ കാണാതായ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത് കുവിയായിരുന്നു
പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ തങ്ങളുടെ പ്രീയപ്പെട്ടവർക്കായി ഇപ്പോഴും കാത്തിരിക്കുന്നവർ നിരവധിയാണ്. മനുഷ്യർ മാത്രമല്ല മൃ​ഗങ്ങളും ആ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളെ വേദനിപ്പിച്ചത് രണ്ടു വയസുകാരി ധനുഷ്കയും അവളുടെ പ്രിയപ്പെട്ട നായ കുവിയുമാണ്. ഉരുൾപൊട്ടലിൽ കാണാതായ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത് കുവിയായിരുന്നു. ചേതനയറ്റ ധനുഷ്കയുടെ ശരീരം കണ്ട് തളർന്നുവീണ കുവിയുടെ ചിത്രം ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു. ഇനി കുവിയുടേതായി ഭൂമിയിൽ അവശേഷിക്കുന്നത് ധനുഷ്കയുടെ മുത്തശ്ശി മാത്രമാണ്. ഇപ്പോൾ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധനായി രം​ഗത്തുവന്നിരിക്കുകയാണ് ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ. ഏറ്റെടുത്ത് വളർത്താനുള്ള അനുമതിക്കായി കളക്ടർ ഉൾപ്പടെയുള്ള അധികൃതരെ സമീപിച്ചിരിക്കുകയാണ് അജിത്. കേരള പൊലീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വ്യക്തമാക്കിയത്. 

ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ധനുഷ്‌കയുടെ കൂവിയെ ഏറ്റെടുക്കാൻ സന്നദ്ധനായി ഡോഗ് സ്ക്വാഡിലെ ട്രെയിനർ

രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുവയസുകാരി ധനുഷ്കയെ കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ തയ്യാറായി ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ.

ഏറ്റെടുത്ത് വളർത്താനുള്ള അനുമതിക്കായി അജിത് കലക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എം പി യെയും സമീപിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്.

തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തി പുഴയിൽ നോക്കി നിർത്താതെ കരഞ്ഞ ചിത്രം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. കുവിയെ പോറ്റിവളർത്തിയവരിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്. വെള്ളിയാഴ്ചയാണ് പെട്ടിമുടി പുഴയിൽ നിന്നും രണ്ടു വയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്.

പിന്നീട് കൂവിയെ തേടിയെത്തിയ അജിത്തിനോട് അവൾ ആഹാരമൊന്നും കഴിക്കാതെ എവിടയോ കിടക്കുന്നുണ്ട് എന്ന് സ്ഥലവാസികൾ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോൾ ഒരു ലയത്തിന് പുറകിൽ അവശയായി കുവിയെ കണ്ടെത്തുകയായിരുന്നു. ആദ്യം ഭക്ഷണം കൊടുത്തപ്പോൾ അവൾ കഴിക്കാൻ കൂട്ടാക്കിയില്ല. നായ്ക്കളെ അത്യധികം ഇഷ്ടപ്പെടുന്ന അജിത്തിന്റെ സ്നേഹവാൽസ്യങ്ങൾക്ക് മുന്നിൽ പിന്നീട് കുവി വഴങ്ങുകയായിരുന്നു. അതിനുശേഷം രണ്ടുമൂന്ന് ദിവസം കുവി അജിത്തിനെ വിട്ടുമാറിയില്ല. അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി അധികൃതരെ സമീപിച്ചത്. അനുമതി ലഭിച്ചാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത് ആലോചിക്കുന്നത്.

അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥർ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com