ലൈഫ് മിഷന്‍ എംഒയുവില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല; തേടിയത് വ്യക്തത;  എകെ ബാലന്‍

കേരളത്തിന്റെ ദുര്‍ഘടസന്ധിയില്‍ പത്ത് പൈസ കൊടുത്ത ആളുകളാണോ ഇവര്‍
ലൈഫ് മിഷന്‍ എംഒയുവില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ല; തേടിയത് വ്യക്തത;  എകെ ബാലന്‍

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ്ക്രസന്റുമായി ഒപ്പിട്ട എംഒയുവില്‍ നിയമവകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. ചില കാര്യങ്ങളില്‍ വ്യക്തത തേടിയിട്ടുണ്ട്. നിയമവകുപ്പ് പറഞ്ഞത് പൂര്‍ണമായി പ്രതിഫലിക്കുന്നതാണ് ഇപ്പോഴത്തെ എംഒയു എന്ന് മന്ത്രി പറഞ്ഞു.ലൈഫ് പദ്ധതിക്കെതിരെ പ്രതിപക്ഷ ആരോപണം പാവങ്ങള്‍ക്ക് വീടു കിട്ടുന്നതിന്റെ അസൂയയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടേകാല്‍ ലക്ഷം വീടുകളാണ് പട്ടികജാതി വിഭാഗം ഉള്‍പ്പെടെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. മൂന്നാംഘട്ടമെന്ന നിലയില്‍ വടക്കാഞ്ചേരിയില്‍ ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതിയെ എംഎല്‍എ സാങ്കേതികമായി എതിര്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍  കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ  സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ഉറഞ്ഞുതുള്ളുകയാണോ വേണ്ടത്?. എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയല്ലേ വേണ്ടത്?. ഒരു വിദേശ ഏജന്‍സിയുമായി സര്‍ക്കാര്‍ എംഒയു ഒപ്പിടുന്നു. എംഒയു പ്രകാരം വീട് വെക്കുന്നു. അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു. ഇതില്‍ എന്ത് പിശകാണ് ഉള്ളതെന്ന് മന്ത്രി ചോദിച്ചു.

സര്‍ക്കാരിനെതിരെ പറയാന്‍ ഇവര്‍ക്ക് എന്ത് അവകാശം?. കേരളത്തിന്റെ ദുര്‍ഘടസന്ധിയില്‍ പത്ത് പൈസ കൊടുത്ത ആളുകളാണോ ഇവര്‍?. സംസ്ഥാനത്ത് ഓഖി വന്നു, പ്രളയം വന്നു, കോവിഡ് വന്നു ഇവര്‍ എന്തെങ്കിലും സംഭാവന നല്‍കിയോ?. കെഎസ്‌യു ഉണ്ട്, ഐഎന്‍ടിയുസി,യൂത്ത് കോണ്‍ഗ്രസ്, മൂത്ത കോണ്‍ഗ്രസ് എല്ലാം ഉണ്ട്. അവര്‍ എന്തെങ്കിലും സഹായം നല്‍കിയോ?. ഖദറും ഇട്ട് തിളങ്ങി നില്‍ക്കുന്ന ആളുകള്‍ പത്ത് പൈസ  കൊടുത്തോ?. അത്ര കഷ്ടപ്പെട്ടാണ് സര്‍ക്കാര്‍ പ്രതിസന്ധിയെ തരണം ചെയ്യുന്നത്. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സിയെ വെച്ചിട്ടുണ്ട്. ഒറ്റകണ്‍സള്‍ട്ടന്‍സിയെയും മാറ്റില്ലെന്നും ബാലന്‍ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുകയല്ലേ പ്രതിപക്ഷം ചെയ്യേണ്ടത്?. അതിന് അവരുടെ തലയില്‍ എന്താണ് ഉള്ളത്?. രാജ്യത്തെ വിദേശരാജ്യം ആക്രമിക്കുന്ന സമയത്ത് ബുദ്ധിയുള്ളവന്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമോ?. ആ രീതിയിലാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മുഖ്യമന്ത്രി ക്വാറന്റൈനില്‍ പോയപ്പോള്‍ ഒളിച്ചോടി എന്നാണ് പറഞ്ഞത്. ആരോപണം ഉന്നയിക്കുമ്പോള്‍ നിങ്ങളോടൊപ്പം ജനങ്ങളില്ലെന്ന് നിങ്ങള്‍ അറിയണം. ഇപ്പോള്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന എംഎല്‍എമാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരായി ഉണ്ടാവില്ല. പ്രതിപക്ഷത്തിന് കേരള ജനതയോട് മാപ്പു പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com