സിലബസ് വെട്ടിക്കുറക്കില്ല; പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ മാത്രം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ചേക്കും, സാധ്യത പരിഗണിക്കുന്നു

ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ബുധനാഴ്ച ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു
സിലബസ് വെട്ടിക്കുറക്കില്ല; പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ മാത്രം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ചേക്കും, സാധ്യത പരിഗണിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കാനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ബുധനാഴ്ച ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉടനെ ക്ലാസ് ആരംഭിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. 

ഈ സാഹചര്യത്തിലാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മാത്രം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നത്.   എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അധ്യയനം സാധ്യമാകുമോയെന്ന് പരിശോധിക്കണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിനുള്ള സാഹചര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കലാകായിക വിദ്യാഭ്യാസംകൂടി ഉള്‍പ്പെടുത്തും. ഡിജിറ്റല്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും.

സംസ്ഥാനത്ത് സ്‌കൂള്‍ പഠനത്തിലെ സിലബസ് വെട്ടിക്കുറയ്‌ക്കേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.  സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സിലബസ് വെട്ടി കുറയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്. അതേസമയം രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഉള്‍പ്പെടെ പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

 യോഗ, ഡ്രില്‍ ക്ലാസ്സുകളുടെ ഡിജിറ്റല്‍ സംപ്രേക്ഷണവും, കലാകായിക പഠന ക്ലാസുകളും ഉടന്‍ ആരംഭിക്കാനും തീരുമാനമായി. ഡിജിറ്റല്‍ ക്ലാസുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തില്‍ ഒരു ഉപസമിതി രൂപീകരിക്കും. നേര്‍ക്കാഴ്ച എന്ന പേരില്‍ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങള്‍ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com