200 മില്ലി പാല്‍, ഒരു മുട്ട, ചുക്കു കാപ്പി; കോവിഡ് ബാധിച്ച തടവുപുളളികള്‍ക്ക് പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം, പൂജപ്പുരയില്‍ ഭക്ഷണക്രമം പുതുക്കി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു
200 മില്ലി പാല്‍, ഒരു മുട്ട, ചുക്കു കാപ്പി; കോവിഡ് ബാധിച്ച തടവുപുളളികള്‍ക്ക് പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം, പൂജപ്പുരയില്‍ ഭക്ഷണക്രമം പുതുക്കി

തിരുവനന്തപുരം:  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു.പാല്‍, മുട്ട ഉള്‍പ്പെടെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുളള നാരങ്ങയും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗപ്രതിരോധശേഷിക്ക് നാരങ്ങ ഉത്തമമാണ് എന്നതിനാലാണ് ഇത് നല്‍കാനും തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി നല്‍കാന്‍ തീരുമാനിച്ചതെന്ന് ജയില്‍ സൂപ്രണ്ട് നിര്‍മ്മലാന്ദന്‍ നായര്‍ പറഞ്ഞു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതുവരെ 470 തടവുപുളളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ തന്നെ ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ്. സാധാരണ ഭക്ഷണത്തിന് പുറമേയാണ് പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണവും നല്‍കുന്നത്. നിലവില്‍ കോവിഡ് ബാധിതര്‍ക്ക് പ്രതിദിനം 200 മില്ലിലിറ്റര്‍ പാലും, ഒരു മുട്ടയും ചുക്കു കാപ്പിയും നല്‍കുന്നുണ്ട്. വെളളിയാഴ്ച മുതല്‍ ഇതൊടൊപ്പം പഴവും നാരങ്ങയും ബ്രെഡും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രഭാത ഭക്ഷണത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. നിലവില്‍ ചപ്പാത്തിയും ഉപ്പുമാവുമാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ നല്‍കുന്നത്. ഇനിമുതല്‍ കോവിഡ് ബാധിതര്‍ക്ക് 250 ഗ്രാം ഗോതമ്പുപൊടി ഉപയോഗിച്ചുളള ചപ്പാത്തികള്‍ നല്‍കും. ഉപ്പുമാവും അധികമായി നല്‍കാനാണ് തീരുമാനം. രോഗബാധയില്‍ നിന്ന് വേഗത്തില്‍ സുഖംപ്രാപിക്കാനാണ് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു.

മൂന്ന് കഷ്്ണം ബ്രെഡും ഒരു നാരങ്ങയും ഒരു പഴവും നിത്യേന നല്‍കാനാണ് തീരുമാനം. രോഗബാധ പിടിപെടാന്‍ സാധ്യത കൂടുതല്‍ ഉളളതിനാല്‍ കോവിഡ് ബാധിക്കാത്ത മറ്റ് തടവുപുളളികളും പുതുക്കിയ ഭക്ഷണക്രമം നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com