ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തതെന്ത് ?  ; മത്തായിയുടെ കസ്റ്റഡി മരണം സിബിഐക്ക് വിട്ടു,  മൃതദേഹം മറവുചെയ്യാന്‍ നിര്‍ദേശം

കേസ് സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു
ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തതെന്ത് ?  ; മത്തായിയുടെ കസ്റ്റഡി മരണം സിബിഐക്ക് വിട്ടു,  മൃതദേഹം മറവുചെയ്യാന്‍ നിര്‍ദേശം

കൊച്ചി : പത്തനംതിട്ട ചിറ്റാറില്‍ മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. 

കേസ് സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാതിരുന്നതെന്തെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും, നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. 

മത്തായിയുടെ മൃതദേഹം എന്തുകൊണ്ട് മറവു ചെയ്യുന്നില്ലെന്ന് കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. നിങ്ങളുടെ കുട്ടികള്‍ അടക്കം ഇത് കാണുന്നതല്ലേ എന്നു ചോദിച്ചു. സംസ്‌കാരത്തിന് വേണ്ടത് ചെയ്യണമെന്ന് മത്തായിയുടെ ഭാര്യയോട് കോടതി ആവശ്യപ്പെട്ടു. മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി.
 

മത്തായിയുടെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഒപ്പുവെച്ചിരുന്നു. ശുപാർശ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് കൈമാറും. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റിൽ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ കുടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. വനപാലകരെ പ്രതിപ്പട്ടികയിൽ ചേ‍ർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയർക്ക് മുൻകൂർ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com