പാലാരിവട്ടം പാലം അടിയന്തരമായി പൊളിച്ചുപണിയണം ; കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്നതോടെ പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് സർക്കാർ
പാലാരിവട്ടം പാലം അടിയന്തരമായി പൊളിച്ചുപണിയണം ; കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന് കേരളം. ഈ വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും, ഈ മാസം 28 ന് തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീംകോടതിക്ക് കത്തു നല്‍കി. 

കേസ് നീട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയത്. പാലാരിവട്ടം കേസ് ഈ മാസം 28 ന് പരിഗണിക്കാനിരിക്കുകയാണ്. അന്നു തന്നെ കേസ് പരിഗണിക്കുകയും വാദം കേട്ട് ഉടന്‍ തീര്‍പ്പുണ്ടാക്കുകയും വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 

പാലത്തില്‍ ഭാരപരിശോധന നടത്താനായിരുന്നു ഹൈക്കോടതി വിധിച്ചത്. ഫെബ്രുവരിയിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭാരപരിശോധന നടത്തുകയല്ല, പാലം പൊളിച്ചുകളയുകയാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. 

കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീണ്ടുപോകുകയായിരുന്നു. തല്‍സ്ഥിതി ഉത്തരവ് നീക്കുകയും ഭരപരിശോധന ഒഴിവാക്കി എത്രയും വേഗം പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. 

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്നതോടെ പാലാരിവട്ടത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്. പാലം പൊളിച്ചുപണിയണമെന്നാണ് കേരള സര്‍ക്കാര്‍ നിയോഗിച്ച ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും ശുപാര്‍ശ ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com