ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല; സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഹൈക്കോടതി, ചെന്നിത്തലയുടെ ഹര്‍ജി തള്ളി

ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുമ്പോള്‍ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബെഞ്ച് വിലയിരുത്തി
ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല; സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഹൈക്കോടതി, ചെന്നിത്തലയുടെ ഹര്‍ജി തള്ളി

കൊച്ചി: കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഫോണ്‍ കോള്‍ വിവരങ്ങളില്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുമ്പോള്‍ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്ന് ബെഞ്ച് വിലയിരുത്തി.

നിരീക്ഷണം ഫലപ്രദമാക്കാന്‍ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോള്‍ വിവരങ്ങള്‍ (സിഡിആര്‍) പൂര്‍ണമായി നല്‍കുന്നതിനുള്ള സംവിധാനമാണ് ടെലികോം കമ്പനികള്‍ക്ക്ക ഉള്ളത്. ഇവയില്‍ ടവര്‍ ലൊക്കേഷന്‍ ഒഴികെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കോവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഉപഹര്‍ജിയിലൂടെ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com