സ്വപ്‌നയ്ക്ക് ജാമ്യമില്ല ; രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസെന്ന് കോടതി

കേസിലെ ഉന്നതതല ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി
സ്വപ്‌നയ്ക്ക് ജാമ്യമില്ല ; രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസെന്ന് കോടതി

കൊച്ചി : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് ജാമ്യമില്ല. സ്വപ്‌ന സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ജാമ്യാപേക്ഷ നല്‍കിയത്. 

രാജ്യത്തും വിദേശത്തുമായി ഉന്നതര്‍ ഉള്‍പ്പെട്ട കേസാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം കേസ് ഡയറി പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. കൂടാതെ കേസിലെ ഉന്നതതല ഗൂഡാലോചന സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. അതിനാല്‍ ഈ ഘട്ടത്തില്‍ സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം സ്വാധീനമുള്ള വ്യക്തിയായ സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കേസ് ഡയറിയും എന്‍ഫോഴ്‌സ്‌മെന്റ് കോടതിക്ക് കൈമാറിയിരുന്നു. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വപ്ന ശിവശങ്കറുമൊന്നിച്ച് മൂന്നുതവണ വിദേശയാത്ര നടത്തിയെന്ന കണ്ടെത്തലും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.  എന്നാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരില്ല കേസെന്നും  ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണത്തിനും പണത്തിനും ഉറവിടമുണ്ടെന്നുമാണ് സ്വപ്നയുടെ വാദം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com