ലൈഫ് പദ്ധതിക്ക് കേന്ദ്രാനുമതി തേടിയിരുന്നോ ?;  റെഡ് ക്രസന്റുമായുള്ള കരാറിന്റെ മുഴുവന്‍ രേഖകളും വേണം : ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

നിയമോപദേശവും മിനിറ്റ്‌സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
ലൈഫ് പദ്ധതിക്ക് കേന്ദ്രാനുമതി തേടിയിരുന്നോ ?;  റെഡ് ക്രസന്റുമായുള്ള കരാറിന്റെ മുഴുവന്‍ രേഖകളും വേണം : ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ എന്നാണ് നോട്ടീസില്‍ ചോദിച്ചിട്ടുള്ളത്. കേന്ദ്രാനുമതി ലഭിച്ചുവെങ്കില്‍ ഫയല്‍ ഹാജരാക്കണം. റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നോ. അതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തു എന്ന് അറിയിക്കണം. നിയമോപദേശവും മിനിറ്റ്‌സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോവേണ്ടിയാണെന്നും. ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡ‍ി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യുണീടാക്ക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

20 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാല് കോടി 30 ലക്ഷം രൂപ കമ്മിഷന്‍ തുകയായി കൊടുത്തു എന്നായിരുന്നു യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൊടുത്തമൊഴിയില്‍ വ്യക്തമാക്കിയത്. ഇതില്‍ 3 കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഇടപെട്ട ഈജിപ്ഷ്യന്‍ പൗരനും വീതിച്ചെടുക്കുകയായിരുന്നു. ബാക്കിവന്ന ഒരു കോടിയാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചത്. 

ബിനാമി ഇടപാടില്‍ മറ്റാര്‍ക്കോവേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നും അത് ആര്‍ക്കുവേണ്ടിയാെണന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വിലയിരുത്തൽ. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്ക് പറ്റിയതെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണത്തിനാണ് എൻഫോഴ്സ്മെന്റ് തയ്യാറെടുക്കുന്നത്.  

അതിനിടെ സ്വര്‍ണക്കടത്ത്‌കേസില്‍ മൂന്നു പ്രതികള്‍ക്ക് ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ എന്‍ഐഎ നടപടി ആരംഭിച്ചു. യുഎഇയില്‍ ഉള്ള റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദുകുട്ടി എന്നിവര്‍ക്കാണ് നോട്ടിസ് അയക്കുക. ഇന്ത്യയിലും പുറത്തും കൂടുതല്‍ പ്രതികളുണ്ടെന്നും ഉന്നതബന്ധമുള്ളവരുടെ പങ്കിലും  അന്വേഷണം വേണമെന്നുമാണ് എന്‍ഐഎ നിലപാട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com