15 വർഷം മുൻപ് മരിച്ചു; വർഷാവർഷം കോർപറേഷൻ ഓഫീസിലെത്തി ഒപ്പിടും! 

15 വർഷം മുൻപ് മരിച്ചു; വർഷാവർഷം കോർപറേഷൻ ഓഫീസിലെത്തി ഒപ്പിടും! 
15 വർഷം മുൻപ് മരിച്ചു; വർഷാവർഷം കോർപറേഷൻ ഓഫീസിലെത്തി ഒപ്പിടും! 

തൃശൂർ: 15 വർഷം മുൻപ് മരിച്ചയാൾ കോർപറേഷൻ ഓഫീസിൽ നേരിട്ടെത്തി ഇപ്പോഴും ഒപ്പിടുന്നു! വിവിധ ഭരണ സമിതികളുടെ കാലത്തായി തുടരുന്ന ഈ ഒപ്പിടൽ ഇപ്പോഴത്തെ ഭരണ സമിതി കണ്ടെത്തി. പക്ഷേ, എന്നിട്ടും കാര്യങ്ങൾ അതുപോലെ തന്നെ തുടർന്നു. 

ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറി എടുത്തിരുന്ന ലൈസൻസി 2003ൽ മരിച്ചു. മരണ സർട്ടിഫിക്കറ്റും ഫയലിൽ കയറി. പക്ഷേ, 2018 വരെ 15 വർഷം പരേതയുടെ പേരിൽത്തന്നെ ലൈൻസ് പുതുക്കി. വർഷം തോറും കരാർ ഒപ്പിട്ടു പുതുക്കുമ്പോൾ ലൈസൻസി ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്തുകയും അത് നേരിട്ടു ബോധ്യപ്പെടുകയും വേണമെന്നാണ് ചട്ടം. 

പക്ഷേ, 2003ൽ മരിച്ചയാളുടെ ഒപ്പ് 2018വരെ കൃത്യമായി ഫയലിൽ വീണു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ 2018 –19ലെ ജനറൽ ഓഡിറ്റിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ഒപ്പ് ലൈസൻസിയുടേതു തന്നെയാണെങ്കിലും കട നടത്തിയിരുന്നത് മറ്റൊരാളാണ്. ഇതു ചട്ടവിരുദ്ധമായതിനാൽ കടമുറി കസ്റ്റഡിയിലെടുക്കാൻ റവന്യൂ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകി. ഇതു പ്രകാരം മുറി പൂട്ടി കോർപറേഷൻ അധികൃതർ താക്കോൽ കൊണ്ടുപോയി.

കഥ അവിടെ തീർന്നില്ല. കട നടത്തിയിരുന്നയാൾ മുറി വിട്ടുകിട്ടാൻ കോടതിയിൽ പോയി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കോടതി കമ്മീഷനെ വച്ചു. കമ്മീഷൻ കടമുറി സന്ദർശിക്കാനെത്തിയപ്പോൾ അതാ പരാതിക്കാരൻ കട തുറന്നു വച്ചിരിക്കുന്നു. കട കൈയേറിയതിനു നടത്തിപ്പുകാരനെതിരെ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കടമുറി പൂട്ടി താക്കോൽ കോർപറേഷനിൽ ഏൽപിച്ചോളാമെന്നു നടത്തിപ്പുകാരൻ സത്യവാങ്മൂലം നൽകിയതോടെ കേസ് പിൻവലിച്ചു.

കട കുത്തിപ്പൊളിച്ച് കച്ചവടം തുടർന്നയാളുടെ ഭാര്യയുടെ പേരിൽ കോർപറേഷൻ ലൈസൻസ് പുതുക്കിക്കൊടുത്തിരിക്കുന്നു. പരേതയുടെ ബന്ധുക്കൾ നൽകിയ അപേക്ഷ പ്രകാരമാണിത്. 15 വർഷം വ്യാജ ഒപ്പിട്ട് കോർപറേഷനെ തെറ്റിദ്ധരിപ്പിച്ച വ്യാജ രേഖാ കേസിൽ  കോർപറേഷൻ നടപടി സ്വീകരിച്ചതുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com