നാടൻ തോക്കുമായി എത്തിയത് വനം വാച്ചർമാരെ കൊല്ലാൻ, അവരെ കാട്ടിക്കൊടുക്കാത്തതിൽ പ്രകോപിതരായി ചന്ദ്രികയെ കൊലപ്പെടുത്തി

സഹോദരി പുത്രനായ  പ്രതി ചന്ദ്രികയുടെ കഴുത്തിൽ തോക്കുവച്ച് അവർ എവിടെയെന്ന് ചോദിച്ചു. ആരും പ്രതികരിക്കാതെ ഇരുന്നതോടെ കാഞ്ചി വലിക്കുകയായിരുന്നു
നാടൻ തോക്കുമായി എത്തിയത് വനം വാച്ചർമാരെ കൊല്ലാൻ, അവരെ കാട്ടിക്കൊടുക്കാത്തതിൽ പ്രകോപിതരായി ചന്ദ്രികയെ കൊലപ്പെടുത്തി

മറയൂർ; ഇടുക്കി മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയത് വനം വാച്ചർമാരെ കാട്ടിക്കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ. ചന്ദനക്കടത്ത് കേസിൽ പ്രതികളായ ഇവർ എത്തിയത് ട്രൈബൽ വാച്ചർമാരെ കൊല്ലാൻ ലക്ഷ്യമിട്ടാണ്. ഇവരാണ് ചന്ദനക്കടത്ത് വിവരം വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ അറിയിച്ചത്. എന്നാൽ ഇവരെ കാട്ടിക്കൊടുക്കാൻ ചന്ദ്രിക തയാറാവാതെ ഇരുന്നതോടെയാണ് കൊലപ്പെടുത്തിയത്. 

വെള്ളിയാഴ്ച രാത്രി 9.45 നാണ് കാന്തല്ലൂരിലെ പാളപ്പെട്ടികുടി സ്വദേശിയായ ചന്ദ്രിക കൊല്ലപ്പെടുന്നത്. കൃഷിയിടത്തിൽ കാവലിരിക്കാൻ പോയതായിരുന്നു യുവതി. ഇവരുടെ ബന്ധുവായ കൗമാരക്കാരായ യുവാക്കളാണ് കൊലനടത്തിയത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി പുത്രൻ, ബന്ധുക്കളായ മണികണ്ഠൻ(19), 12കാരൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. 

ജൂലൈ 22 നാണ് പാളപ്പെട്ടി ഇണ്ടൻകാട് ഭാ​ഗത്തുനിന്ന് ചന്ദനമരം മോഷണം പോയ സംഭവത്തിൽ മണികണ്ഠനെ വണ്ണാന്തുറ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തന്നെ ട്രൈബർ വാച്ചർമാരായ അശോകനും പൊന്നുസ്വാമിയും ഒറ്റുകൊടുത്തെന്ന് ആരോപിച്ച് കുടിയിൽ പ്രശ്നമുണ്ടാക്കി. തുടർന്ന് ഇരുവരേയും തിരഞ്ഞ് നാടൻ തോക്കുമായി ഇറങ്ങുകയായിരുന്നു. അവർതാമസിക്കുന്ന ഷെഡ‌ുകളിൽ നോക്കിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് കുടിക്കാർ കൃഷിനടത്തുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു നടന്നു. പലരോടും അന്വേഷിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. 

തുടർന്നാണ് കാവൽമാടത്തിന് സമീപമുള്ള പാറയിൽ ചന്ദ്രികയും കൂട്ടരും തീകായുന്നത് കണ്ടത്. സഹോദരി പുത്രനായ  പ്രതി ചന്ദ്രികയുടെ കഴുത്തിൽ തോക്കുവച്ച് അവർ എവിടെയെന്ന് ചോദിച്ചു. ആരും പ്രതികരിക്കാതെ ഇരുന്നതോടെ കാഞ്ചി വലിക്കുകയായിരുന്നു. വെടിയേറ്റ് ചന്ദ്രിക തൽക്ഷണം മരിച്ചു. മണികണ്ഠനും പന്ത്രണ്ടുകാരനും ഓടിപ്പോയെങ്കിലും വെടിയുതിർത്ത ആൾ അവിടെ തന്നെ നിന്നു. ചന്ദ്രികയോടൊപ്പമുണ്ടായിരുന്നവർ ഇയാളെ പിടിച്ച് കെട്ടിയിട്ടു. തുടർന്ന് വാച്ചർമാര് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വീടിനുള്ളിൽ ഒളിച്ചിരുന്ന രണ്ട് പ്രതികളേയും അറസ്റ്റു ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com