അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി ; രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടിനില്ല ; നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ്, വിട്ടുനില്‍ക്കാന്‍ ജോസ് പക്ഷം

ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച ആരംഭിക്കുക
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി ; രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ടിനില്ല ; നിലപാട് വ്യക്തമാക്കി പി സി ജോര്‍ജ്, വിട്ടുനില്‍ക്കാന്‍ ജോസ് പക്ഷം

തിരുവനന്തപുരം :  നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി. പ്രമേയത്തെ പിന്തുണച്ച് വോട്ടുചെയ്യുമെന്ന് ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ വ്യക്തമാക്കി. അതേസമയം ഇന്നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കും വോട്ടുചെയ്യില്ലെന്ന് രാജഗോപാല്‍ അറിയിച്ചു. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടുചെയ്യില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ്ജും അറിയിച്ചു. അവിശ്വാസപ്രമേയത്തില്‍ പൊതുസ്ഥിതി നോക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

അതിനിടെ കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി പക്ഷത്തെ എംഎല്‍എമായാ റോഷി അഗസ്റ്റിനും എന്‍ ജയരാജും ഇന്ന് നിയമസഭയിലെത്തില്ലെന്നാണ് സൂചന. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാതെ വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയിലെ ധാരണ.

രാജ്യസഭാ തെരഞ്ഞെടുപ്പിലും ഒരു സ്ഥാനാര്‍ത്ഥിക്കും ജോസ് കെ മാണി വിഭാഗം എംഎല്‍എമാര്‍ വോട്ടു ചെയ്‌തേക്കില്ല. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് റൂമില്‍ രാവിലെ പത്തു മണി മുതലാണ്  വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സര രംഗത്തുള്ളത്.

രാവിലെ 9 മണിക്ക് ധനകാര്യബിൽ അവതരണത്തിന് ശേഷം 10 മണിയോടെയാകും അവിശ്വാസപ്രമേയ ചർച്ച ആരംഭിക്കുക. കോൺ​ഗ്രസ് എംഎൽഎ വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിലവിലെ അം​ഗബലം അനുസരിച്ച് സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം  യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാകും. അതേസമയം ചര്‍ച്ചയിലെ വാദപ്രതിവാദങ്ങള്‍ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. യുഡിഎഫിനും അവിശ്വാസപ്രമേയ വോട്ടെടുപ്പ് നിർണായകമാണ്. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com