നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയം ; എതിര്‍ത്ത് 9 പേര്‍ ; എംഎല്‍എമാരുടെ പട്ടിക ഇങ്ങനെ...

അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല
നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയം ; എതിര്‍ത്ത് 9 പേര്‍ ; എംഎല്‍എമാരുടെ പട്ടിക ഇങ്ങനെ...

തിരുവനന്തപുരം : കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് പ്രതിപക്ഷം ഇന്ന് അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയാണ് യുഡിഎഫിനു വേണ്ടി അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. അവിശ്വാസ പ്രമേയത്തെ എതിര്‍ത്തും അനുകൂലിച്ചും നിയമസഭയില്‍ സംസാരിക്കുന്ന എംഎല്‍എമാരുടെ പട്ടികയായി. 

അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് ഇടതുമുന്നണിയില്‍ നിന്നും സിപിഎം എംഎല്‍എമാരായ എസ് ശര്‍മ്മ, എം സ്വരാജ്, ജോസഫ് മാത്യു, എ പ്രദീപ് കുമാര്‍, വീണ ജോര്‍ജ്ജ് എന്നിവരും സിപിഐയില്‍ നിന്ന് മുല്ലക്കര രത്‌നാകരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരും സംസാരിക്കും. എല്‍ഡിഎഫ് എംഎല്‍എമാരായ  കെ ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരും പ്രസംഗിക്കും. 

കോണ്‍ഗ്രസില്‍ നിന്നും വി ഡി സതീശനെ കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ടി തോമസ്, ഷാഫി പറമ്പില്‍ എന്നിവരും മുസ്ലീം ലീഗില്‍ നിന്നും എം കെ മുനീര്‍, കെ എം ഷാജി, എം ഉമ്മര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. പി ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രമേയത്തിന്മേല്‍ സഭയില്‍ സംസാരിക്കും. 

രാവിലെ 10 മണിക്കാണ് അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിക്കുക. അഞ്ചു മണിക്കൂറാണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളില്‍ ഉള്‍പ്പെട്ട മറ്റു മന്ത്രിമാരും മറുപടി നല്‍കും. അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കും ജോസ് പക്ഷം വിട്ടു നില്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com