പിണറായി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം പരാജയം; പ്രതിപക്ഷത്തെ അനുകൂലിച്ചത് 40 പേര്‍; റെക്കോര്‍ഡ് ഇട്ട് മുഖ്യമന്ത്രി

3 മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നീണ്ടത്.
പിണറായി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം പരാജയം; പ്രതിപക്ഷത്തെ അനുകൂലിച്ചത് 40 പേര്‍; റെക്കോര്‍ഡ് ഇട്ട് മുഖ്യമന്ത്രി


തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത് നാല്‍പ്പത് പേരാണ്. 87 പേര്‍ എതിര്‍ത്തു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

മൂന്നരമണിക്കൂറിലേറെ നീണ്ട പ്രസംഗമാണു പ്രതിപക്ഷത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിന് മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സഭാനേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടരുതെന്നും പ്രതിപക്ഷത്തോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. വി.ഡി. സതീശന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്. അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചന രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പീക്കര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പരാമര്‍ശം.

പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കര്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധ ബാനര്‍ ഉയര്‍ത്തി.  ധനകാര്യബില്‍ അവതരിപ്പിച്ച് പാസാക്കി. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും രാത്രി വരെ നീണ്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com