ഇന്നു പുലിയിറങ്ങും ; കളിയും കാണാം, കൊട്ടും കേൾക്കാം

‘ഓണാഘോഷം 2020’ ഓൺലൈൻ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് പുലിക്കളി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ : തൃശൂരിന്റെ തനതു കലാരൂപമായ പുലിക്കളി കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്താനാവാത്തതിൽ ദുഃഖിതരായവർക്ക് ഇതാ സന്തോഷവാർത്ത. നാലാം ഓണ നാൾ ആയില്ലെങ്കിലും ഇന്നു പുലിയിറങ്ങും. കളിയും കാണാം, കൊട്ടും കേൾക്കാം. ന​ഗരത്തിലല്ല, ഓൺലൈനിൽ ആണെന്നു മാത്രം.

ടൂറിസം വകുപ്പിന്റെ ഫെയ്സ് ബുക് പേജിൽ ഇന്ന് 7ന് ആണ് പുലിക്കളി സംപ്രേക്ഷണം ചെയ്യുന്നത്. ‘ഓണാഘോഷം 2020’ ഓൺലൈൻ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് കളി.രണ്ടു വരയൻ പുലികളും ഒരു പുള്ളിപ്പുലിയുമാണ് ചുവടുവയ്ക്കുന്നത്. 2 പേർ ചെണ്ടമേളം ഒരുക്കും. തൃശൂരിൽനിന്നുള്ള അഞ്ചംഗ സംഘത്തിന്റെ ചുവടും താളവും കഴിഞ്ഞദിവസം ബോൾഗാട്ടി പാലസിൽ ചിത്രീകരിച്ചിരുന്നു.

പുത്തൂർ സ്വദേശി സുബ്രൻ, കോലഴി സ്വദേശി ജെയ്സൺ, കുട്ടെല്ലൂർ സ്വദേശി സതീഷ് എന്നിവരാണ് പുലിവേഷത്തിൽ. വർഷങ്ങളായി വിവിധ സംഘങ്ങൾക്കു വേണ്ടി ചുവടുവയ്ക്കുന്നവരാണ് ഇവർ. പൂങ്കുന്നം സ്വദേശികളായ പ്രസാദ് തോട്ടപ്പാത്തും ജെയിംസും ആണ് മേളമൊരുക്കിയത്. ചിത്രകലാ അധ്യാപകൻ കൂടിയായ പ്രസാദ് ആണ് മെയ്യെഴുത്തും നിർവഹിച്ചത്. 

കഴിഞ്ഞ വർഷം ആഫ്രിക്കയിലും എത്യോപ്യയിലുമായി നടന്ന വേൾഡ് ഫോക് ഫെസ്റ്റിവലിൽ ഇവർ പുലിക്കളി അവതരിപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇതേസമയം വിവിധ കലാസാംസ്കാരിക പരിപാടികളുടെയും സംപ്രേക്ഷണം ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com