പെരിയ ഇരട്ടക്കൊല : സിബിഐയെ എതിര്‍ത്തുകൊണ്ടുള്ള സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് വിധി

കേസില്‍ വിധി വരുന്നത് വരെ തുടര്‍ നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും

കൊച്ചി: കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിക്കുക. കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ 16ന് നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു.

ഒന്‍പത് മാസം മുന്‍പ് വാദം പൂര്‍ത്തിയാക്കിയിട്ടും വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ണ്ണായക തീരുമാനം. സിപിഎം പ്രാദേശിക നേതാക്കളാണ് കേസിലെ പ്രതികൾ.
 
കേസില്‍ വിധി വരുന്നത് വരെ തുടര്‍ നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാദം പൂര്‍ത്തിയായി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തടസപ്പെടുത്തിയെന്ന് സിബിഐ അറിയിച്ചിരുന്നു. 2019 സെപ്റ്റംബര്‍ 30 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിള്‍ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. 

ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഒക്ടോബര്‍ 29ന് സിബിഐ 13 പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐഐആര്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. കേസില്‍ വാദിക്കാനായി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നാണ് അഭിഭാഷകനെ വരുത്തിയത്. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹര്‍ജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com