തീപിടിത്തം :  ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണം ; ​പ്രതിപക്ഷം ഗവർണർക്ക് കത്തുനൽകി

പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ പേപ്പർ ഫയലുകൾ നശിച്ചുപോയെന്നാണ് വിവരം
തീപിടിത്തം :  ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണം ; ​പ്രതിപക്ഷം ഗവർണർക്ക് കത്തുനൽകി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ​ഗവർണർക്ക് കത്തുനൽകി. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടു. 

തിപിടിത്തം ഉണ്ടായതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് ഇന്നലെ ​ഗവർണറെ സന്ദർശിച്ചിരുന്നു. ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ഗവര്‍ണറെ അറിയിച്ചെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് നേരിട്ടുളള അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തോട് ഇക്കാര്യങ്ങള്‍ രേഖാമൂലം നല്‍കാനും സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ചോദിക്കുമെന്നും ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തിരുന്നു. 

പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ മൂന്ന് സെക്ഷനുകളിലെ ബാക്ക് അപ്പ് ഇല്ലാത്ത പേപ്പർ ഫയലുകൾ വീണ്ടെടുക്കാനാവാത്ത വിധത്തിൽ നശിച്ചുപോയെന്നാണ് വിവരം. പൊളിറ്റിക്കൽ 2 എ, 2 ബി, 5 എന്നീ സെക്ഷനുകളിലെ ഫയലുകളാണ് നശിച്ചത്. വി.വി.ഐ.പി, വി.ഐ.പി സന്ദർശന ഫയലുകൾ ഈ സെക്ഷനുകളിലാണ്. സെക്ഷൻ 5ൽ മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ്. 2 ബിയിൽ മന്ത്രിമാരുടെയടക്കം വിരുന്നുകൾ, ഗസ്റ്റ് ഹൗസുകൾ ആർക്കൊക്കെ അനുവദിച്ചു എന്നിവയുടെ ഫയലുകളും. ജോയിന്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി ഈ സെക്ഷനുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com