തീപിടിത്തം: സെക്രട്ടറിയേറ്റില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നു; ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല

തീപിടിത്തം: സെക്രട്ടറിയേറ്റില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നു; ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഫാനില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് പൊതുഭരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ തീ അണയ്ക്കാനായെന്നും കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് സൂചന.

അതിനിടെ സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ പേരില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. എട്ടു കേസുകളാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തീപിടിത്തമുണ്ടായ ഉടനെ സെക്രട്ടേറിയറ്റില്‍ എത്തിയ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി പോലും എത്തും മുമ്പ് സുരേന്ദ്രന്‍ സ്ഥലത്ത് എത്തിയത് സംശയകരമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com