സെക്രട്ടേറിയറ്റ് തീപിടിത്തം : യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു, പ്രതിഷേധവുമായി ബിജെപിയും ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
സെക്രട്ടേറിയറ്റ് തീപിടിത്തം : യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു, പ്രതിഷേധവുമായി ബിജെപിയും ; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

തിരുവനന്തപുരം : സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്. ബിജെപിയും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.
 

അതിനിടെ സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്പെഷ്യൽ സെൽ എസ്പിവി അജിത്തിനാണ് അന്വേഷണ ചുമതല. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലം വീഡിയോ ഗ്രാഫി ചെയ്യുകയാണ്.

സംഭവത്തിൽ ഉദ്യോഗസ്ഥ തലസമിതിയും അന്വേഷണം നടത്തും. ദുരന്ത നിവാരണ കമീഷണർ എ. കൗശികൻറെ നേതൃത്വത്തിൽ ആണ് സമിതിക്കാണ് ചുമതല. തീപ്പിടുത്തത്തിന് കാരണം, നഷ്ടം, കത്തിയ ഫയലുകൾ ഏതൊക്കെ, അട്ടിമറി ഉണ്ടോ, ഭാവിയിൽ തീപിടുത്തം ഒഴിവാക്കാനുള്ള മാർഗങ്ങൾ എന്നിവ പരിശോധിക്കും. 

സ്വർണക്കടത്ത്, ലൈഫ് മിഷൻ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുൾപ്പെടെ നിർണായകരേഖകൾ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് ദുരൂഹസാഹചര്യത്തിൽ തീപിടിച്ചത്. ചുമരിനോട് ചേർന്ന അലമാര ഫയലുകൾക്കാണ് തീ പിടിച്ചത്. മൂന്നു സെഷനുകളിലെ സുപ്രധാന രേഖകൾ നഷ്ടമായെന്നാണ് സൂചന. 

അതിസുരക്ഷാ മേഖലയായ നോർത്ത് ബ്ലോക്കിലെ ഓഫീസിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.45-ന് തീ പടർന്നത്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങൾ, വി.വി.ഐ.പി.കളെ നിർണയിക്കുന്ന ഫയലുകൾ, അതിരഹസ്യ സ്വഭാവമുള്ള രേഖകൾ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഷോർട്ട് സർക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com