അമ്മ എന്നുവരും? ഏഴുവയസ്സുകാരിയുടെ ചോദ്യം; എഴുപത് ലക്ഷത്തിനായി അലഞ്ഞ് ടോമി

എത്രനാള്‍ മകളെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് ടോമി തോമസ് പറയുന്നു.
അമ്മ എന്നുവരും? ഏഴുവയസ്സുകാരിയുടെ ചോദ്യം; എഴുപത് ലക്ഷത്തിനായി അലഞ്ഞ് ടോമി

2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ എഴുപത് ലക്ഷം രൂപയുണ്ടാക്കാനായി പരക്കം പായുകയാണ്. എഴുപത് ലക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ നിമിഷ പ്രിയയുടെ ജീവന്റെ വില. ഏഴു വയസ്സുകാരി മകളുടെ അമ്മ എന്നുവരുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്ന് മറുപടി പറയുന്നുണ്ടെങ്കിലും താനീ നടത്തുന്ന അലച്ചിലിന് ഫലം കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ് ടോണി. യമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിമിഷയെ യെമന്‍ പരമോന്നത കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 

എത്രനാള്‍ മകളെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് തോമസ് പറയുന്നു. കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു വിധി വരുമെന്ന് തങ്ങള്‍ ഒരുതരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. എവിടുന്നാണ് ഇത്രയും പണം കണ്ടെത്താന്‍ കഴിയുക എന്ന ഉറപ്പില്ലാത്തതിനാല്‍ കോടതിയില്‍ കൃത്യമായി മറുപടി പറയാന്‍ സാധിച്ചില്ലെന്ന് ഓട്ടോ ഡ്രൈവറായ ടോമി തോമസ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

യെമന്‍ പൗരനെ കൊന്ന് വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് സംഭവം. തലാല്‍ അബ്ദുള്‍ മഹദ് എന്നയാളെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊന്നു എന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കുവിധിച്ചത്. 

2014ലാണ് ടോമി മകളെയും കൊണ്ട് നാട്ടില്‍ തിരിച്ചെത്തിയത്. നിമിഷ തന്നോട് ഒന്നും മറച്ചിട്ടില്ലെന്നും ക്ലിനിക് തുടങ്ങാന്‍ തീരുമാനമെടുത്തത് ഒരിമിച്ചായിരുന്നു എന്നും ടോമി തോമസ് പറയുന്നു. 35ലക്ഷം രൂപ  ക്ലിനിക്ക് തുടങ്ങാനായി താന്‍ ചെലവാക്കിയെന്നും ടോമി പറയുന്നു. 

യെമന്‍ പൗരന്‍ നിമിഷയെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ടോണി പറയുന്നത്. ക്ലിനിക്കിന്റെ ലൈസന്‍സ് നേടിയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതിനാലാണ് നിമിഷ ഇയാളുമായി ചങ്ങാത്തതിലായതെന്നും ടോമി പറയുന്നു.

കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി വഴി അപ്പീല്‍ നല്‍കാനും കുടുംബം ശ്രമിക്കുന്നുണ്ട്. 2015ന് ശേഷം മകള്‍ അമ്മയെ കണ്ടിട്ടില്ലെന്നും ടോണി പറയുന്നു. 2015ല്‍ തിരികെ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കാരണം വിസ ലഭിച്ചില്ല. നിമിഷ തന്റെ ഭാര്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മഹദി വ്യാജ രേഖകള്‍ ചമച്ചുവെന്നും ടോമി പറയുന്നു. 

ജീവിതം ഏറ്റവും ദുരിത കാലത്തിലൂടെയാണ് കടന്നുപോകുന്നത്.താന്‍ ഓട്ടോ ഡ്രൈവറുടെ വേഷം കെട്ടിയത് ആളുകളെ പറ്റിക്കാനാണ് എന്ന് കരുതുന്നവരും ഉണ്ട്. ഭാര്യയുടെ ദുരന്തം കുടുംബത്തിലെ സാമ്പത്തിക സ്ഥിതി തകര്‍ത്തുകളഞ്ഞു. മകളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ മകള്‍ക്ക് അമ്മയെ തിരികെ കിട്ടാനായി പ്രാര്‍ത്ഥിക്കുകയാണ്- ടോമി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com