പൊതു ഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ല, കടകളില്‍ കര്‍ശന നിയന്ത്രണം ; ഓണം മാര്‍ഗരേഖ ഇങ്ങനെ...

മേളകളും പ്രദര്‍ശനങ്ങളും അനുവദിക്കില്ല. ഓണസദ്യയുടെ പേരില്‍ ആള്‍ക്കൂട്ടം പാടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക്. പൊതുഇടങ്ങളില്‍ പൂക്കളങ്ങള്‍ പാടില്ലെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മാര്‍ക്കറ്റുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ഓണാഘോഷങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തുനിന്ന് പൂക്കള്‍ കൊണ്ടുവരാന്‍ പാടില്ല. പൊതു ഇടങ്ങളിലും ഓഫീസുകളിലും പൂക്കളങ്ങള്‍ പാടില്ല. വീടുകളില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. 

വ്യാപാരികളുടെയും വ്യവസായികളുടെയും അവരുടെ സംഘടനകളുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. മാര്‍ക്കറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. കൂടുതല്‍ താല്‍ക്കാലിക മാര്‍ക്കറ്റുകളും തുറക്കാം. മാളുകളും തുണിക്കടകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. 

ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടും ആരോഗ്യസുരക്ഷ ഉറപ്പാക്കിയും മാത്രമേ കടകളും വാണിജ്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവൂ. മേളകളും പ്രദര്‍ശനങ്ങളും അനുവദിക്കില്ല. ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഓണസദ്യയുടെ പേരില്‍ ആള്‍ക്കൂട്ടം പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുമാത്രമാണ് ഈ ഇളവുകള്‍ ബാധകമാകുകയുള്ളൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com