അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ വാലിന് തീ പിടിച്ചപോലെയായി ബിജെപി കോണ്‍ഗ്രസ് നേതാക്കളെന്ന് ഇപി ജയരാജന്‍

കോണ്‍ഗ്രസിലെയും ബി ജെപിയിലെയും പ്രമുഖ നേതാക്കളുമായുള്ള അനിലിന്റെ അടുത്ത ബന്ധം പകല്‍ പോലെ വ്യക്തമാണ്
അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ വാലിന് തീ പിടിച്ചപോലെയായി ബിജെപി കോണ്‍ഗ്രസ് നേതാക്കളെന്ന് ഇപി ജയരാജന്‍


തിരുവനന്തപുരം: അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് - ബിജെപി നേതാക്കള്‍ തീപിടിച്ച അവസ്ഥയിലായെന്ന് മന്ത്രി ഇപി ജയരാജന്‍. സ്വര്‍ണ്ണക്കടത്തു കേസിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും നല്ല ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക്, ഈ കേസില്‍ ബി ജെ പിയുടെ ടെലിവിഷന്‍ ചാനല്‍ പ്രമുഖന്‍ അനില്‍ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോള്‍ മിണ്ടാട്ടമില്ല. കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും അനില്‍ ഇടപെട്ടുവെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമാകുന്നതെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം


സ്വര്‍ണ്ണക്കടത്തു കേസിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും നല്ല ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക്, ഈ കേസില്‍ ബി ജെ പിയുടെ ടെലിവിഷന്‍ ചാനല്‍ പ്രമുഖന്‍ അനില്‍ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോള്‍ മിണ്ടാട്ടമില്ല. കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും അനില്‍ ഇടപെട്ടുവെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, അനിലിനെ ചോദ്യം ചെയ്യുന്നതു പോലും മാധ്യമങ്ങള്‍ക്കോ യു ഡി എഫിനോ ചെറു പരിഗണന അര്‍ഹിക്കുന്ന വിഷയം പോലുമായില്ല.കോണ്‍ഗ്രസിലെയും ബി ജെപിയിലെയും പ്രമുഖ നേതാക്കളുമായുള്ള അനിലിന്റെ അടുത്ത ബന്ധം പകല്‍ പോലെ വ്യക്തമാണ്. അനിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല അടുപ്പക്കാരും വാലിന് തീപിടിച്ച അവസ്ഥയിലായി. സ്വന്തം ചാനലിന്റെ പാര്‍ട്ടിക്കാരും മറ്റ് അടുത്ത സുഹൃത്തുക്കളും അയാളെ കൈവിട്ടു. ആരെ രക്ഷിക്കാനാണ് അനില്‍ കേസില്‍ ഇടപെട്ടതെന്നും അനിലിന് സ്വപ്ന അടക്കമുള്ള പ്രതികളുമായുള്ള ബന്ധവും ഗൗരവമായി തന്നെ അന്വേഷിക്കണം.
കള്ള പ്രചാരണങ്ങളുമായി സി പി ഐ എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കേസ് തിരിച്ചുവിടാന്‍ ശ്രമിച്ച എല്ലാവരും ഒരു പോലെ സംശയനിഴലില്‍ വന്നത് കൗതുകകരമാണ്. മുസ്ലിം ലീഗ്, ബി ജെ പി, കോണ്‍ഗ്രസ് അംഗങ്ങളും ഈ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് കേസില്‍ അറസ്റ്റിലായത്. ഇടതുപക്ഷവുമായി ഒരു തരത്തിലും കേസിനെ ബന്ധപ്പെടുത്താന്‍ കഴിയാത്തതില്‍ വലിയ നിരാശയിലാണ് എതിരാളികള്‍. ആ നിരാശയുടെ തീവ്രതയാണ് കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ കണ്ടത്. സെക്രട്ടറിയേറ്റില്‍ നടന്ന ചെറിയൊരു തീപിടുത്തത്തിന്റെ പേരില്‍ കടുത്ത ആരോപണങ്ങളുമായി യു ഡി എഫും ബി ജെപിയും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഫയലുകളൊന്നും കത്തിനശിച്ചില്ലെന്ന് തെളിഞ്ഞതോടെ അതും നനഞ്ഞ പടക്കമായി.
രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന തരത്തില്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ പുറത്തുവരുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഉറക്കംകെടുത്തുന്നതാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങി. എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്. സത്യം തെളിയുക തന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com