ചെവിവേദനയും പുറം വേദനയും കലശലായി; നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു

കഴിഞ്ഞ ആറിനാണ് ലീജ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു മടങ്ങിയത്
ചെവിവേദനയും പുറം വേദനയും കലശലായി; നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു

സോള്‍ : ഇടുക്കി സ്വദേശിനിയായ യുവതി ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാലുവര്‍ഷമായി ദക്ഷിണ കൊറിയയില്‍ ലീജ ഗവേഷക വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ച സമയത്ത് തിരികെ പോകാന്‍ കഴിഞ്ഞില്ല. 

പിന്നീട് കഴിഞ്ഞ ആറിനാണ് ലീജ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു മടങ്ങിയത്. സെപ്റ്റംബറില്‍ വീസ കാലാവധി തീരുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം. കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നു. ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല.

ക്വാറന്റീന്‍ കാലാവധിക്കു ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെത്തുടര്‍ന്ന് തിരികെ നാട്ടിലേക്കു പോരാന്‍ ടിക്കറ്റ് എടുത്തു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എംപിമാരായ ഡീന്‍ കുര്യാക്കോസ്, അല്‍ഫോന്‍സ് കണ്ണന്താനം, റോഷി അഗസ്റ്റിന്‍ എംഎല്‍എ  എന്നിവര്‍ വഴി വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com