പങ്കാളിത്ത പെൻഷനെ അന്ന് നഖശിഖാന്തം എതിർത്തു; ഇന്ന് പദ്ധതിയുമായി മുന്നോട്ടു പോകുന്നു; എൽഡിഎഫിന്റെ തെറ്റുതിരുത്തലെന്ന് ഉമ്മൻചാണ്ടി

പങ്കാളിത്ത പെൻഷനെ അന്ന് നഖശിഖാന്തം എതിർത്തു; ഇന്ന് പദ്ധതിയുമായി മുന്നോട്ടു പോകുന്നു; എൽഡിഎഫിന്റെ തെറ്റുതിരുത്തലെന്ന് ഉമ്മൻചാണ്ടി
പങ്കാളിത്ത പെൻഷനെ അന്ന് നഖശിഖാന്തം എതിർത്തു; ഇന്ന് പദ്ധതിയുമായി മുന്നോട്ടു പോകുന്നു; എൽഡിഎഫിന്റെ തെറ്റുതിരുത്തലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു തെറ്റുതിരുത്തലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ നടപ്പാക്കുകയും സിപിഎം നഖശിഖാന്തം എതിർക്കുകയും ചെയ്ത ശേഷം നടപ്പാക്കിയവയാണ് സ്വാശ്രയ കോളജുകൾ, ഓട്ടോണമസ് കോളജുകൾ തുടങ്ങിയ നിരവധി പരിപാടികളെന്ന് അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും സർക്കാരും ശമ്പളത്തിന്റെ 10% വീതമാണ് പെൻഷൻ ഫണ്ടിൽ അടയ്ക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഇപ്പോൾ കേന്ദ്ര സർക്കാർ വിഹിതം ഇപ്പോൾ 14% വും  കേന്ദ്ര ജീവനക്കാരുടേത് 10%വും ആണ്. ജീവനക്കാരോട് അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ വിഹിതം അടിയന്തരമായി 14% ആയി ഉയർത്തുകയാണു വേണ്ടതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

കേന്ദ്ര നയമനുസരിച്ച് യുഡിഎഫ് സർക്കാർ 2013 ഏപ്രിൽ മുതൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോൾ സിപിഎമ്മും അതിന്റെ സംഘടനകളും ശക്തമായി എതിർത്തിരുന്നു. രണ്ട് തവണ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും അവർ അനിശ്ചിതകാല സമരം തുടങ്ങി.  രാത്രി ഒരു മണിക്ക് ക്ലിഫ് ഹൗസിൽ വച്ച് അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കിയത് ഓർക്കുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരം കൈയിൽ കിട്ടിയപ്പോൾ പക്ഷേ പഴയ ശുഷ്‌കാന്തി കാട്ടിയില്ല. ജീവനക്കാർ നിരന്തരം പ്രകടനപത്രിക ഓർമിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയപ്പോൾ, 2018ൽ റിട്ട. ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു ചെയർമാനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ നടപടികൾ തുടരുമ്പോഴാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ വിജ്ഞാപനം ഇറക്കിയത്.

25 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പങ്കാളിത്ത പെൻഷൻ നടപ്പാക്കിയപ്പോഴാണ് കേരളം 2013ൽ പദ്ധതി തുടങ്ങിയത്. രാജ്യത്തെ 90% ജീവനക്കാരും ഇതിൽ ചേർന്നു കഴിഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്നത്തെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പുതുതായി ചേർന്നവർക്കു മാത്രമാണ് പങ്കാളിത്ത പെൻഷൻ  ബാധകമാക്കിയതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com