മുഖ്യമന്ത്രിയും കൃഷിമന്ത്രിയും 'ഔട്ട്'; നിര്‍ദേശം ലംഘിച്ച് 'ഓണസമൃദ്ധി' ബാനര്‍ ; കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രങ്ങള്‍ മുകളില്‍ വലത്തെ അറ്റത്ത് ഉണ്ടായിരുന്നു
മുഖ്യമന്ത്രിയും കൃഷിമന്ത്രിയും 'ഔട്ട്'; നിര്‍ദേശം ലംഘിച്ച് 'ഓണസമൃദ്ധി' ബാനര്‍ ; കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍


കോട്ടയം :  ഓണച്ചന്തയില്‍ സ്ഥാപിച്ച ബാനറില്‍ നിന്നും മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പുറത്തായി. ഇതേത്തുടര്‍ന്ന് കൃഷി ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. പുതുപ്പള്ളി കൃഷി ഓഫിസര്‍ ഫസ്‌ലീന അബ്ദുല്‍ കരീമിനെയാണ് കൃഷിവകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കൃഷിവകുപ്പിന്റെ ഓണച്ചന്തകളില്‍ 'ഓണസമൃദ്ധി 2020' എന്ന പേരില്‍ പ്രത്യേക മാതൃകയിലുള്ള ബാനറുകള്‍ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം. 

ബാനറിന്റെ മാതൃകയും കൃഷി ഓഫിസര്‍മാര്‍ക്ക് അയച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രങ്ങള്‍ മുകളില്‍ വലത്തെ അറ്റത്ത് ഉണ്ടായിരുന്നു. ബാനറിന്റെ അടിയില്‍ കൃഷി ഓഫിസിന്റെ പേരും സ്ഥലവും കൂടി ചേര്‍ത്ത് ഓണച്ചന്തകളില്‍ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പുതുപ്പള്ളി പഞ്ചായത്തിലെ ഓണച്ചന്തയില്‍ സ്ഥാപിച്ച ബാനറില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല.

കൃഷിവകുപ്പ് അയച്ചുകൊടുത്ത ബാനർ മാതൃക
കൃഷിവകുപ്പ് അയച്ചുകൊടുത്ത ബാനർ മാതൃക

വകുപ്പിന്റെ മാനദണ്ഡം ലംഘിച്ച് ബാനര്‍ സ്ഥാപിച്ചതിനെത്തുടര്‍ന്നാണ് കൃഷി ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സലോമി തോമസ് അറിയിച്ചു. ബാനര്‍ അച്ചടിച്ചപ്പോള്‍ പ്രസില്‍ ഉണ്ടായ അബദ്ധമാണ് മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ചിത്രങ്ങള്‍ ബാനറില്‍ നിന്ന് ഒഴിവായതിനു കാരണമെന്ന് കൃഷി ഓഫീസര്‍ പറയുന്നു. മാതൃക വാട്‌സാപ്പില്‍ ലഭിച്ചിരുന്നു. ഇതാണ് പ്രിന്റിങ്ങിന് അയച്ചത്. തിരികെ ലഭിച്ചപ്പോള്‍ ഇതു പരിശോധിച്ചില്ല. ബാനര്‍ സ്ഥാപിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഈ തെറ്റ് ശ്രദ്ധയില്‍പെട്ടതെന്നും ഉടന്‍ തന്നെ ഇത് നീക്കിയതായും കൃഷി ഓഫീസര്‍ വ്യക്തമാക്കി. 

ഓണച്ചന്തകളില്‍ കൃത്യമായ ഫോര്‍മാറ്റിലുള്ള ബാനര്‍ സ്ഥാപിക്കുന്നതിന് സിഡി അയച്ചു കൊടുത്തിരുന്നു. ഇതില്‍ നിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങള്‍ മാത്രം നീക്കം ചെയ്തത് ബോധപൂര്‍വമാണ്. ബാനര്‍ സ്ഥാപിച്ചില്ലെങ്കില്‍ പോലും തെറ്റില്ലായിരുന്നു. ബാനറില്‍ നിന്ന് ബോധപൂര്‍വം ചിത്രങ്ങള്‍ നീക്കം ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥര്‍ ഈ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ തയാറായില്ല എന്നാണ് അറിഞ്ഞത്. തുടര്‍ന്നാണ് തല്‍ക്കാലം മാറ്റിനിര്‍ത്താന്‍ നിര്‍ദേശിച്ചത്. പിന്നീട് ഇവരുടെ വിശദീകരണം കേട്ട ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com