വയർലസ് സന്ദേശം അജ്ഞാത നിലവിളി; വിടാതെ പിന്തുടർന്ന് പൊലീസുകാരൻ; കടലിൽ മുങ്ങിത്താണ ആറ് മനുഷ്യരെ ജീവിതത്തിലേക്ക് കരകയറ്റി പവിത്രൻ; കൈയടി

വയർലസ് സന്ദേശം അജ്ഞാത നിലവിളി; വിടാതെ പിന്തുടർന്ന് പൊലീസുകാരൻ; കടലിൽ മുങ്ങിത്താണ ആറ് മനുഷ്യരെ ജീവിതത്തിലേക്ക് കരകയറ്റി പവിത്രൻ; കൈയടി
പവിത്രൻ വിപി
പവിത്രൻ വിപി

കോഴിക്കോട്: അജ്ഞാത വയർലസ് സന്ദേശത്തിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് ഉ​ദ്യോ​ഗസ്ഥൻ രക്ഷിച്ചത് ആറ് വിലപ്പെട്ട ജീവനുകൾ. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പവിത്രനാണ് ആറ് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചത്.   

പാറാവ് ഡ്യൂട്ടിക്കിടെയാണ് പവിത്രന് അജ്ഞാത വയർലസ് സന്ദേശമെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് എവിടെ നിന്നാണെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം എത്തിയത്. കൺട്രോൾ റൂമിൽ നിന്ന് മറുപടിയൊന്നും ലഭിച്ചതുമില്ല. 

മരണം അരികിലെത്തിയ പേടിയോടുകൂടിയ ആ അജ്ഞാത നിലവിളി എവിടെ നിന്നാണെന്ന് അറിയാൻ പവിത്രൻ വീണ്ടും കാതോർത്തു. സ്റ്റേഷനിലെ വയർലെസിന് ഒരനക്കവുമില്ല. പക്ഷേ മരണ ഭയത്തോടുകൂടിയ ആ നിലവിളി താൻ കേട്ടുവെന്ന് പവിത്രനുറപ്പായിരുന്നു.         

സംശയം തീർക്കാൻ കൺട്രോൾ റൂമിലേയ്ക്ക് വിളിച്ചന്വേഷിച്ചു. അങ്ങനൊരു മെസേജ് അവിടെ വന്നിട്ടില്ല. കേൾക്കാത്തതാണോ എന്നറിയാൻ അവരുടനെ റെക്കോർഡ് ചെയ്ത മെസേജുകളും കേട്ടു നോക്കി. അങ്ങനെയൊന്നില്ല. ജില്ലയിലെ മൊത്തം വയർലെസും കൈകാര്യം ചെയ്യുന്ന ടെലിക്കമ്മ്യൂണിക്കേഷൻ വിങ്ങിലേക്കും ഉടൻ തന്നെ ബന്ധപ്പെട്ടു. ഒന്നുമില്ല, മറ്റാർക്കും അങ്ങനെയൊരു സന്ദേശം കിട്ടിയിട്ടുമില്ല. 

പക്ഷേ താൻ മാത്രം കേട്ട അസ്വാഭാവികമായ ആ സഹായാഭ്യർത്ഥന അങ്ങനെ  വിട്ടുകളയാൻ പവിത്രനായില്ല. അതിനുപുറകെ പോകാനുണ്ടായ പവിത്രന്റെ തോന്നലാണ് കടലിൽ മുങ്ങിത്താഴ്ന്നു പോകുമായിരുന്ന ആറ് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചത്. 

കൺട്രോൾ റൂമിലും ടെലിക്കമ്മ്യൂണിക്കേഷനിലും ബന്ധപ്പെട്ട ശേഷം  മറൈൻ എൻഫോഴ്സ്മെന്റിൽ ജോലി നോക്കുന്ന സുഹൃത്തിനെ സ്വന്തം നിലയ്ക്ക് ബന്ധപ്പെട്ട് എവിടെയോ ഒരു ഫിഷിങ് ബോട്ട് അപകടത്തിൽപ്പെട്ടെന്ന വിവരം അദ്ദേഹം അറിയിക്കുകയായിരുന്നു. കടലുണ്ടിയിലും ബേക്കലിലുമായി പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടിരുന്ന മറൈൻ എൻഫോഴ്സ്മെന്റിലെ ആർക്കും തന്നെ അത്തരമൊരു സന്ദേശം കിട്ടിയിരുന്നില്ല. പക്ഷേ കസബ സ്റ്റേഷനിൽ നിന്ന് ലഭിച്ച വിവരം വിട്ടുകളയാതെ അവർ കോസ്റ്റ് ഗാർഡിനും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുളളവർക്കും വിവരം കൈമാറി. 

ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ച അവർ കടലുണ്ടിയിൽ നിന്ന് 17 നോട്ടിക്കൽ മൈൽ അകലെ ഒരു ഫിഷിങ് ബോട്ട് വെളളം കയറി മുങ്ങിത്താഴുന്നത് കണ്ടെത്തി. പാഞ്ഞെത്തിയ മറ്റ് ഫിഷിങ് ബോട്ടിലുളളവർ ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും രക്ഷിക്കുകയായിരുന്നു.

മീൻപിടുത്തക്കാർ അനുവദനീയമായ സ്ഥലം തെറ്റി ഉളളിലേക്ക് പോയതോടെ മൊബൈൽ റെയ്ഞ്ചും വയർലെസ് സംവിധാനവും ലഭ്യമല്ലാതായി. അപകടത്തിൽപെട്ട ആശങ്കയിൽ കൈവശമുണ്ടായിരുന്ന വാക്കിടോക്കി എവിടെയോ പ്രസ് ചെയ്ത് അറിയിച്ച സഹായാഭ്യർത്ഥനയാണ് കസബ സ്റ്റേഷിലേക്കെത്തിയതും പവിത്രന്റെ ശ്രദ്ധയിൽപ്പെട്ടതും. 

മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് വൈദ്യസഹായം നൽകിയ ശേഷം മറൈൻ എൻഫോഴ്സ്മെന്റ് സംഘം വിളിച്ചറിയിച്ചപ്പോഴാണ് താൻ പിന്തുടർന്ന ആ സന്ദേശത്തിന് പിന്നിൽ ആറ് ജീവനുകളുടെ നിലവിളിയായിരുന്നുവെന്ന് പവിത്രനും തിരിച്ചറിഞ്ഞത്. 

പവിത്രനെ ജില്ലാ പോലീസ് മേധാവി വിളിച്ചുവരുത്തി അനുമോദിക്കുകയും റിവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റത്തവണ മാത്രം വന്ന് പതറി അവസാനിച്ച ആ ശബ്ദ സന്ദേശത്തിൽ പ്രാണൻ തിരിച്ചുപിടിക്കാനുളള പിടച്ചിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് തന്റെ നിയോഗമായിരിക്കുമെന്നാണ് പവിത്രൻ വിശ്വസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com