യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കു സ്റ്റേ 

ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കു സ്റ്റേ 

കൊച്ചി: കൊലപാതകക്കേസിൽ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സമർപ്പിച്ച അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു ഇതോടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. 

ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നത കോടതി മുൻപാകെ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ കോടതി സ്വീകരിച്ചെന്ന വിവരം നിമിഷയുടെ അഭിഭാഷകൻ അഡ്വ കെ എൽ ബാലചന്ദ്രൻ പറഞ്ഞതായി  മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. 

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. യെമനിൽ ക്ലിനിക്ക് നടത്താൻ സഹകരിച്ച യുവാവിൽ നിന്നുണ്ടായ ദുരനുഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിമിഷ മുൻപ് പറഞ്ഞു. ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കൊലപാതകം ചെയ്തുപോയതെന്ന് വിവരിച്ചുകൊണ്ട് ജയിലിൽ നിന്ന് നിമിഷ ബന്ധുക്കൾക്ക് കത്തയച്ചു. ശാരീരികമായ ആക്രമണത്തിന് ഇരയായ തന്റെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തെന്ന് കത്തിൽ പറയുന്നു. ലൈംഗികവൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചതും കൊലപാതകം ചെയ്യാൻ നിർബന്ധിതയാക്കിയെന്നും കത്തിൽ വിവരിക്കുന്നു.

നാട്ടിൽ ഭർത്താവും മക്കളുമുളള നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിച്ചാൽ മാത്രമേ യുവതിയുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് റിപ്പോർട്ട്. യെമനിലെ നിയമം അനുസരിച്ച് ബ്ലഡ് മണി കുടുംബം സ്വീകരിച്ചാൽ വധശിക്ഷയിൽനിന്ന് ഒഴിവാകാം. ജയിലിൽനിന്ന് മോചിപ്പിക്കാനും കുടുംബത്തിന് കോടതിയോട് ആവശ്യപ്പെടാം. 70 ലക്ഷം രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടി വരിക.

2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. കൊലയ്ക്കു കൂട്ടുനിന്ന നഴ്‌സ് ഹനാൻ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com