വായ്പകള്‍ക്കുളള മൊറട്ടോറിയം ആറു മാസത്തേയ്ക്ക് കൂടി നീട്ടണം; കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും കത്തയയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടം ഉള്‍പ്പെടെയുളള വായ്പകള്‍ക്കുളള മൊറട്ടോറിയം ആറു മാസത്തേയ്ക്ക് കൂടി നീട്ടണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് സംസ്ഥാനത്തിന്റെ നീക്കം. കോവിഡ് പ്രത്യാഘാതത്തെ തുടര്‍ന്ന് ജനം ദുരിതത്തിലാണ്.പലര്‍ക്കും അവര്‍ മുന്‍പ് ചെയ്തിരുന്ന തൊഴിലിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മൊറട്ടോറിയം ആറുമാസത്തേയ്ക്ക് കൂടി നീട്ടി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു തവണകളായാണ് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. കാലാവധി നീട്ടി നല്‍കിയില്ലായെങ്കില്‍  സെപ്റ്റംബര്‍ ഒന്നുമുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. മൊറട്ടോറിയം തെരഞ്ഞെടുത്തവര്‍ക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയില്‍ ഉള്‍പ്പെടും. 

ഈ സാഹചര്യത്തില്‍ പലിശയ്ക്കു മേല്‍ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വര്‍ധിക്കും. മൊറട്ടോറിയം കാലയളവില്‍ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തില്‍ നാളേക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അങ്ങനെ രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്.  ഈ മൊറട്ടോറിയം തെരഞ്ഞെടുത്തതിനാല്‍ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍, സെപ്റ്റംബര്‍ മുതല്‍ മുടങ്ങിയാല്‍ ബാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com