സാങ്കേതിക സര്‍വകലാശാല: സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍, മാര്‍ഗ നിര്‍ദേശം ഉടന്‍

സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 9 മുതല്‍ ആരംഭിക്കും
സാങ്കേതിക സര്‍വകലാശാല: സപ്ലിമെന്ററി പരീക്ഷകള്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍, മാര്‍ഗ നിര്‍ദേശം ഉടന്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ സെമസ്റ്ററുകളിലെയും സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 9 മുതല്‍ ആരംഭിക്കും. ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചവര്‍ക്കും  ഉന്നതപഠനത്തിനായി പ്രവേശനം ലഭിച്ചവര്‍ക്കും ബാക് ലോഗ് മൂലം അവസരങ്ങള്‍ നഷ്ടമാകാതിരിക്കാനാണ് ഈ പരീക്ഷകളെല്ലാം ഉടന്‍ നടത്തുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീ അറിയിച്ചു. ആഗസ്റ്റില്‍ നടത്തിയ അവസാന സെമസ്റ്റര്‍ പരീക്ഷകളുടെ ഫലങ്ങള്‍ സെപ്റ്റംബര്‍ ഇരുപതിന് മുന്‍പ്  പ്രഖ്യാപിക്കുവാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

മുന്‍ സെമസ്റ്ററുകളിലെ  ഒന്നോ രണ്ടോ വിഷയങ്ങളില്‍ പരാജയപ്പെട്ടതുമൂലം ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി ലഭിച്ച ജോലികള്‍ നഷ്ടപ്പെടുമെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്. സപ്ലിമെന്ററി പരീക്ഷകള്‍ നടത്തി ഫല പ്രഖ്യാപനം വേഗത്തിലാക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നിരന്തരമായി അവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യം കണക്കിലെടുത്താണ് സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടു പോകുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും  പരീക്ഷകള്‍ നടത്തുക. വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍വകലാശാല വളരെ നേരത്തെ തന്നെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് ശേഷം ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് എല്ലാ സ്ഥാപന മേധാവികളും ജില്ലാ ഭരണകൂടവുമായോ ആരോഗ്യ വകുപ്പുമായോ ബന്ധപ്പെടണമെന്നും  സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികള്‍ക്കുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാല ഉടന്‍ പുറത്തിറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com